കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം!

കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് യുവനടി. തൃശൂരില്‍ നിന്നും ബസ് കയറിയ തനിക്ക് സഹയാത്രികനില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞിരിക്കുന്നത്. അരികിലിരുന്ന യുവാവ് തന്റെ ശരീരത്തില്‍ ഉരസുകയും നഗ്നത പ്രദര്‍ശനം നടത്തുകയും ചെയ്തുവെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.

രാവിലെ തൃശൂരില്‍ നിന്നാണ് നടി കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. അങ്കമാലിയില്‍ എത്തിയപ്പോള്‍ ഒരാള്‍ വന്ന് തന്റെയും മറ്റൊരു പെണ്‍കുട്ടിയുടെയും നടുക്ക് ഇരുന്നു. എങ്ങോട്ടേക്കാണ് പോകുന്നത് എന്നൊക്കെ അയാള്‍ ചോദിച്ചു, കളമശേരിക്കാണെന്ന് താന്‍ മറുപടിയും പറഞ്ഞു.

രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ അയാളുടെ കൈ തന്റെ ഇടുപ്പില്‍ ഉരയുന്നതായി തോന്നി. അയാള്‍ കൈ തന്റെ മേല്‍ ഉരയുന്നുണ്ട്. മറ്റേ കൈ അയാളുടെ സ്വകാര്യഭാഗത്ത് ഉരയ്ക്കുന്നതും കണ്ടു. വല്ലാത്ത പ്രയാസം തോന്നി. താന്‍ ബസിന്റെ വിന്‍ഡോ ഉയര്‍ത്തി അവിടേക്ക് നോക്കി അയാളില്‍നിന്ന് അകലം പാലിച്ച് മിണ്ടാതെ ഇരുന്നു.

കുറച്ചു കഴിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ സിപ്പ് അഴിച്ച് സ്വകാര്യാവയവം പുറത്തെടുത്ത് സ്വയംഭോഗം ചെയ്യുന്നതാണ് കണ്ടത്. എന്തു ചെയ്യണമെന്ന് അറിയാതെ പെട്ടെന്ന് എന്റെ ഫോണ്‍ എടുത്ത് വീഡിയോ എടുത്തു, എന്നിട്ട് അയാളോട് എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ചോദിച്ചു.

Read more

അയാള്‍ ഒന്നുമറിയാത്തതുപോലെ സിപ്പ് വലിച്ചിട്ട് ചാടി എഴുന്നേറ്റ് ഇറങ്ങാന്‍ പോയി. ഒച്ചയുണ്ടാക്കി നടന്ന സംഭവം പറഞ്ഞപ്പോള്‍ കണ്ടക്ടറോട് പറഞ്ഞു. ബസ് നിര്‍ത്തിയപ്പോള്‍ ഓടിയ അയാളെ കണ്ടക്ടറും ഡ്രൈവറും പിടിച്ചു. അപ്പോഴേക്കും പൊലീസ് വന്നു, സ്റ്റേഷനില്‍ പോയി താന്‍ പരാതി കൊടുത്തു എന്നാണ് നടി പറയുന്നത്.