CSK VS DC: ധോണി ക്യാപ്റ്റനാവില്ല, പകരം ഈ മാറ്റങ്ങളുമായി ചെന്നൈ, ആരാധകര്‍ കാത്തിരുന്ന താരം ഇന്നിറങ്ങും, ബാറ്റിങ് തിരഞ്ഞെടുത്ത് ഡല്‍ഹി

ഐപിഎലിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റര്‍ അക്‌സര്‍ പട്ടേല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു, റിതുരാജ് ഗെയ്ക്വാദിന് പകരം ഇന്ന് ചെന്നൈയെ ധോണി നയിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. ഇത് ആരാധകരില്‍ വലിയ സന്തോഷമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇന്നത്തെ കളിയില്‍ റിതുരാജ് തന്നെ ക്യാപ്റ്റനാവും. വലതു കൈമുട്ടിന് പരിക്കേറ്റ റിതുരാജ് ഗെയ്ക്വാദിന് അത് ഭേദമായാണ് കളിയില്‍ തിരിച്ചെത്തുന്നത്.

ചെന്നൈക്കായി ഒരിടവേളയ്ക്ക് ശേഷം സ്റ്റാര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേ ഇന്ന് ഡല്‍ഹിക്കെതിരെ ഓപ്പണിങ് ബാറ്ററായി ഇറങ്ങും. രചിന്‍ രവീന്ദ്രയാണ് കോണ്‍വേയുടെ പങ്കാളി. രാഹുല്‍ ത്രിപാഠിക്ക് പകരം മുകേഷ് ചൗധരിയും ചെന്നൈയ്ക്കായി ഇന്ന് ഇറങ്ങുന്നു. അതേസമയം കഴിഞ്ഞ മത്സരത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ കെഎല്‍ രാഹുല്‍ ഇന്ന് ഓപ്പണറായിട്ടാണ് ഡല്‍ഹി വേണ്ടി ഇറങ്ങുന്നത്. ഫാഫ് ഡുപ്ലസിക്ക് പകരമാണ് രാഹുല്‍ ഓപ്പണിങിലേക്ക് വന്നത്. കൂടാതെ മുന്‍ ചെന്നൈ താരം സമീര്‍ റിസ്വിയും ഇന്ന് ഡല്‍ഹി വേണ്ടി കളിക്കും.

മുന്‍ സീസണുകളില്‍ ഡല്‍ഹിയെ ഒരുപാട് തവണ തോല്‍പ്പിച്ചിട്ടുളള ടീമുകളില്‍ ഒന്നാണ് ചെന്നൈ. അത് ഇന്നും ആവര്‍ത്തിക്കുമെന്നാണ് ആരാധക പ്രതീക്ഷ. എന്നാല്‍ ഈ സീസണില്‍ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വരവ്. റിഷഭ് പന്ത് ടീം വിട്ടതിന് പിന്നാലെ അക്‌സര്‍ പട്ടേലിന്റെ ക്യാപ്റ്റന്‍സിയില്‍ ശ്രദ്ധേയ പ്രകടനമാണ് ടീം കാഴ്ചവച്ചത്.