ഷെയ്ന് നിഗത്തിന്റെ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍മ്മാതാക്കള്‍ പ്രതിഫല കണക്കുകള്‍ പുറത്തുവിട്ടത്. “ഉല്ലാസം” സിനിമയുടെ നിര്‍മാതാവ് 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് ഷെയ്ന്‍ പറയുന്നത് കള്ളമാണെന്നും ഇന്‍ഡസ്ട്രിയുടെ മാന്യതയ്ക്ക് നിരക്കാത്ത നീക്കമാണ് നടന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു.
“ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസത്തിന് 25 ലക്ഷം രൂപയാണ് ഷെയ്ന് നല്‍കിയത്. ഇതിന്റെ രേഖകള്‍ അസോസിയേഷന്റെ പക്കലുണ്ട്. എന്നാല്‍ 45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്റെ വാദം തെറ്റാണ്. ഈട സിനിമയ്ക്കു വേണ്ടി 2017ല്‍ ഷെയ്ന്‍ മേടിച്ചത് 15 ലക്ഷം രൂപയാണ്. അതേ കാലയളവില്‍ തന്നെ പൈങ്കിളി എന്ന സിനിമയ്ക്കു വേണ്ടി 25 ലക്ഷം രൂപയാണ് മേടിച്ചത്. അത് എന്തുകൊണ്ടെന്ന് നിര്‍മാതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ആ കരാറില്‍ തിരുത്തല്‍ വരുത്തിയിട്ടുണ്ട്. അല്ലാതെ ആ കാലയവളില്‍ ഷെയ്ന്‍ അഭിനയിച്ച എല്ലാ സിനിമകള്‍ക്കും മേടിച്ചിരുന്നത് 15 ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാള്‍ എന്ന സിനിമയിലാണ്. 2018 ല്‍ ഒപ്പിട്ട കരാറില്‍ 30 ലക്ഷം മേടിച്ചു.”
Read more
“എന്നാല്‍ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്‌സില്‍ 15 ലക്ഷം രൂപയാണ് ഷെയ്ന്‍ പ്രതിഫലമായി മേടിച്ചത്. അതില്‍ സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാല്‍ ആ കാലയളവില്‍ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. പക്ഷേ ഷെയ്ന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 45 ലക്ഷം രൂപ തന്നാല്‍ മാത്രമേ ഈ സിനിമ ഡബ്ബ് ചെയ്യൂ എന്നാണ്. അത് അനീതിയാണ്. 45 ലക്ഷം എന്നു പറയുന്നത് ഈ വര്‍ഷം അദ്ദേഹം ഒപ്പിട്ട കുര്‍ബാനി എന്ന സിനിമയുടെ പ്രതിഫലത്തുകയാണ്. രണ്ട് വര്‍ഷം മുമ്പ് കരാര്‍ ഒപ്പിട്ട് ചെയ്ത സിനിമയ്ക്ക് ഇപ്പോള്‍ മേടിക്കുന്ന ശമ്പളം തന്നെ വേണമെന്ന് പറഞ്ഞാല്‍ അത് അനീതിയാണ്. കരാര്‍ ലംഘനമാണ് ഷെയ്ന്‍ നടത്തിയത്. ഇതുവരെ ഒരു നടന്‍പോലും ഇങ്ങനെ ചെയ്തിട്ടില്ല.” പത്ര സമ്മേളനത്തില്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.