'ഒത്തുതീര്‍പ്പിനെ കുറിച്ച് അറിയില്ല'; മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍

ഷെയ്ന്‍ നിഗം വിഷയം ഒത്തുതീര്‍പ്പായെന്ന അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ പ്രസ്താവനയെ തള്ളി നിര്‍മ്മാതാക്കള്‍. ഒത്തുതീര്‍പ്പിനെ കുറിച്ച് അറിയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞതിനെപറ്റി ധാരണയില്ലെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയ്നുമായി ചര്‍ച്ചക്കില്ലെന്ന നിലപാടില്‍ തന്നെയാണ് നിര്‍മ്മാതാക്കള്‍.

കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് പ്രശ്‌നം തീര്‍പ്പായെന്ന് മോഹന്‍ലാല്‍ അറിയിച്ചത്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും നിര്‍ത്തിവച്ച ഷെയ്ന്‍ ചിത്രങ്ങള്‍ ഉടന്‍ പുനരാരംഭിക്കുമെന്നുമാണ് “അമ്മ” എക്‌സിക്യുട്ടീവ് യോഗത്തില്‍ തീരുമാനമായത്. നിര്‍മ്മാതാക്കളുമായി സംസാരിച്ച് പ്രശ്‌നം തീര്‍പ്പാക്കുമെന്നും മോഹന്‍ലാല്‍ യോഗത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോഹന്‍ലാലിനെ തള്ളി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നത്.

Read more

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ്  ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഷെയ്ന്‍ അമ്മ എക്‌സ്‌ക്യുട്ടീവ് കമ്മറ്റിയെ അറിയിച്ചിരുന്നു. പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഷെയ്‌നിനെ എക്‌സിക്യൂട്ടീവ് യോഗത്തിലേക്ക് വിളിച്ചു വരുത്തിയിരുന്നു.