മൊഞ്ചനായി ഷെയിന്‍ നിഗം; പുതിയ ചിത്രം 'ഉല്ലാസം'

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി പുതിയ ഷെയിന്‍ നിഗം ചിത്രം ഒരുങ്ങുന്നു. ഉല്ലാസം എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജീവന്‍ ജിയോ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഷെയിനിന്റെ ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. തകര്‍പ്പന്‍ ലുക്കിലും ഭാവത്തിലുമാണ് ഷെയ്ന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ ഷെയിനിന്റെ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more

“അരവിന്ദന്റെ അതിഥികള്‍” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രാഹകന്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ പ്രശസ്ത നൃത്തസംവിധായകനായ ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കുന്ന ആദ്യ മലയാളം ചിത്രം എന്ന പ്രത്യേകതയും “ഉല്ലാസ”ത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുന്നു.