ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കള്‍ക്ക് തലവേദന.. ഏഴുമണി ഷൂട്ടിന് വരുന്നത് ഉച്ചയ്ക്ക്, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല: ഷിബു ജി. സുശീലന്‍

ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍. ഏഴരയുടെ ഷൂട്ടിന് പത്തര ആകുമ്പോഴാണ് നടന്‍ വരിക. പത്തരയ്ക്കാണ് ഷൂട്ടെങ്കില്‍ പന്ത്രണ്ട് മണി കഴിഞ്ഞാണ് വരിക. വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാറില്ല എന്നാണ് ഷിബു ജി. സുശീലന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

‘ഹോം’ സിനിമയുടെ സമയത്ത് നേരത്തെ വരാന്‍ പറഞ്ഞപ്പോള്‍ ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞ് വിജയ് ബാബുവിന് മെസേജ് അയച്ചു എന്നാണ് ഷിബു ജി. സുശീലന്‍ പറയുന്നത്. മലയാള സിനിമയില്‍ ചില നടീ- നടന്‍മാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്.

ഷിബു ജി. സുശീലന്റെ വാക്കുകള്‍:

കൊറോണയുടെ സമയത്താണ് ഹോം എന്ന സിനിമ ചെയ്തത്. ”ഞങ്ങള്‍ മൂന്നാല് പേര് കൂടിയുള്ള സിനിമയാണ്, ഒരു വീട്ടിനകത്താണ് നടക്കുന്നത് എല്ലാവരും ഒരുമിച്ച് ഉണ്ടെങ്കിലേ ഷൂട്ട് നടക്കുകയുള്ളൂ” എന്ന് ഹോമിന്റെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. ‘അതില്ല ചേട്ടാ, ഞാന്‍ കൃത്യമായും വരും’ എന്ന് എന്നോട് പറഞ്ഞു. ‘നിന്റെ കുറച്ച് പ്രശ്‌നങ്ങള്‍ അറിഞ്ഞതു കൊണ്ട് പറഞ്ഞതാണ്’ എന്ന് ഞാന്‍ പറഞ്ഞു. ‘അതെല്ലാം തെറ്റാണ് ചേട്ടാ ഞാന്‍ വരും’ എന്ന് ഭാസി പറഞ്ഞു.

അങ്ങനെ ഷൂട്ട് തുടങ്ങി. മൂന്നാല് ദിവസം കഴിഞ്ഞപ്പോള്‍ 7.30 മണി എന്നുള്ളത് എട്ടര ആകുന്നു, ഒമ്പതര ആകുന്നു പിന്നെ പത്തര ആകുന്നു. ഇത് ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മെസേജിട്ടു, ‘ശ്രീനാഥേ ഇങ്ങനെ പോകുന്നത് ശരിയല്ല അങ്ങനെ പോയ നിന്റെ പേയ്‌മെന്റ് കുറക്കേണ്ടി വരും’ എന്ന്. അപ്പോള്‍ ഇവന്‍ വിജയ് ബാബുവിന് ഒരു മെസേജ് അയച്ചു, ‘ഷിബു ചേട്ടന്‍ എന്നെ പീഡിപ്പിക്കുന്നു’ എന്ന്. വിജയ് ബാബു അത് എന്നോട് ചോദിച്ചു. ‘പ്രൊഡ്യൂസേഴ്‌സിന് പ്രശ്‌നമില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ലെന്ന്’ ഞാന്‍ പറഞ്ഞു.

ഇന്ദ്രന്‍സേട്ടന്‍ എന്നോട് ചോദിച്ചു, ‘ഷിബു എന്തിനാണ് രാവിലെ എന്നെ കൊണ്ടിരുത്തുന്നത്’ എന്ന്. ആ പാവം ആറ് മണിക്ക് എഴുന്നേറ്റ് 7 മണി മുതല്‍ ലൊക്കേഷനില്‍ വിഗ്ഗും വച്ച് ഇരിക്കുവാ. കാരണം കോമ്പിനേഷന്‍ ഷൂട്ടുകള്‍ ആണുള്ളത്. സംവിധാകന്‍ പരാമവധി ഇവന്‍ ഇല്ലാതെ അഡ്ജസ്റ്റ് ചെയ്ത് ഷൂട്ട് ചെയ്ത് പോവുകയാണ്. ഈ ദിവസങ്ങളില്‍ ഒന്നും നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വണ്ടിയുമായി ഡ്രൈവറെ ഫ്‌ളാറ്റില്‍ വിട്ടിട്ട് അവിടുന്ന് വിളിച്ചാ പോലും എടുക്കില്ല. സെക്യൂരിറ്റി വിളിച്ചാലും എടുക്കില്ല. വണ്ടിക്കാരന്‍ കാത്ത് നില്‍ക്കുകയാ. ഒരു ദിവസം കണ്ടെയ്‌നര്‍ റോഡ് ഷൂട്ട് ചെയ്യാനുണ്ടെന്ന് ശ്രീനാഥിനോട് പറഞ്ഞു. നല്ല വെയിലാണ് ആ സമയം.

Read more

എപ്പോ വരാന്‍ പറ്റുമെന്ന് ചോദിച്ചു. പത്തര മണിക്ക് എത്തിക്കോളാമെന്ന് പറഞ്ഞു. ഞങ്ങള്‍ അവിടെ സെറ്റ് ആയിട്ടിരുന്നു. വന്നത് പന്ത്രണ്ടേ മുക്കാല്‍ ആയപ്പോഴാണ്. ഇനി ഞങ്ങള്‍ ഭക്ഷണം കഴിച്ച് ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ആ സിനിമയുടെ പ്രമോഷന് വന്നില്ല, വിളിച്ച് ഫോണ്‍ എടുത്തുമില്ല. 120 പേരാണ് ഒരാളെ കാത്തിരുന്നത്. അവര്‍ക്ക് പൈസ കൊടുത്ത് ഡേറ്റും സമയവും പ്രൊഡ്യൂസര്‍ വാങ്ങി വെച്ചിട്ടുണ്ട്. അപ്പോള്‍ 100 ശതമാനവും ആര്‍ട്ടിസ്റ്റുകള്‍ നീതി പുലര്‍ത്തണം.