ഈ ദീപാവലി തനിക്കുള്ളതാണെന്ന് ആയിരുന്നു ‘അമരന്‍’ റിലീസിന് മുമ്പെ ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നത്. ഈ വാക്കുകള്‍ പ്രേക്ഷകരും ഏറ്റെടുത്തതോടെ ഓപ്പണിങ് ദിനത്തില്‍ തന്നെ വന്‍ നേട്ടം കൊയ്ത് സിനിമ. ആദ്യ ദിവസം തന്നെ 21 കോടിയില്‍ അധികം രൂപ കളക്ഷന്‍ നേടിക്കൊണ്ട് ദീപാവലി റിലീസുകളില്‍ മുന്നില്‍ എത്തിയിരിക്കുകയാണ് ശിവകാര്‍ത്തികേയന്‍ ചിത്രം അമരന്‍.
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘ലക്കി ഭാസ്‌കറി’നെ പിന്നിലാക്കി കൊണ്ടാണ് അമരന്റെ കുതിപ്പ്. 12.7 കോടി രൂപയാണ് ലക്കി ഭാസ്‌കറിന് ഓപ്പണിങ് ദിനത്തില്‍ ലഭിച്ചിരിക്കുന്ന കളക്ഷന്‍. അമരന് തമിഴ്‌നാട്ടില്‍ നിന്നു മാത്രം 15 കോടി ചിത്രത്തിന് ലഭിച്ചു. കശ്മീരിലെ ഷോപ്പിയാനില്‍ 2014ലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് അമരന്‍.
മേജര്‍ മുകുന്ദ് ആയി ശിവകാര്‍ത്തികേയനും ഭാര്യ ഇന്ദു റെബേക്കയായി സായ് പല്ലവിയുമാണ് എത്തിയത്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശിവകാര്‍ത്തികേയന്റെ കരിയര്‍ ബെസ്റ്റില്‍ ഒന്നായിരിക്കും ഈ സിനിമ എന്നാണ് ഭൂരിഭാഗം റിവ്യൂകളും എത്തുന്നത്. നായകനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ സായി പല്ലവി കാഴ്ചവച്ചത്.
അതേസമയം, ലക്കി ഭാസ്‌കറിന്റെ നിര്‍മ്മാതാക്കളായ സിത്താര എന്റര്‍ടെയ്‌മെന്റ്‌സ് ആണ് ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടത്. അമരനേക്കാള്‍ കളക്ഷന്‍ കുറവാണെങ്കിലും തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ചിത്രം മികച്ച കളക്ഷന്‍ നേടുമെന്നാണ് കരുതപ്പെടുന്നത്.
വെങ്കി അറ്റ്‌ലൂരി രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഭാസ്‌കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരിയാണ് നായിക. 1980-1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ പീരീഡ് ഡ്രാമയില്‍ ഒരു ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്.