ലൈംഗികത ആസ്പദമാക്കിയ ബോളിവുഡ് സിനിമകളുടെ പതാക വാഹകനാണ് ആയുഷ്മാന്‍ ഖുരാനയെന്ന് സൊനാക്ഷി; അഭിമാനവും സന്തോഷവുണ്ടെന്ന് നടന്‍

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ലൈംഗികത പ്രമേയമാക്കിയുള്ള ചിത്രങ്ങള്‍ ബോളിവുഡില്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഒരു കാലത്ത് അകറ്റിനിര്‍ത്തിയിരുന്ന അത്തരം വിഷയങ്ങള്‍ യാതൊരു സങ്കോചവും കൂടാതെ തുറന്ന് അവതരിപ്പിക്കാന്‍ ഇപ്പോള്‍ സംവിധായകരും അഭിനേതാക്കളും മനസ്സൊരുക്കമുള്ളവരായിരിക്കുന്നു. ആ പാത പിന്‍ തുടര്‍ന്ന് സൊനാക്ഷിയുടെ പുതിയ ചിത്രം ഖാണ്ഡാനി ഷാഫ്ഖാനയുമെത്തിയിരിക്കുകയാണ്. സെക്‌സ് ക്ലിനിക്ക് നടത്തുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

കഴിഞ്ഞ ദിവസം ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ബോളിവുഡ് ചിത്രങ്ങളുടെ സബ്ജക്ടിലുണ്ടായ ഈ ശ്രദ്ധേയമായ മാറ്റത്തെക്കുറിച്ച് നടി സൊനാക്ഷി തന്നെ മനസ്സുതുറന്നിരുന്നു. ആയുഷ്മാന്‍ ഖുരാനയാണ് ബോളിവുഡില്‍ ലൈംഗികത പ്രമേയമാക്കിയ ചിത്രങ്ങളുടെ പതാക വാഹകനെന്ന് നടി പറഞ്ഞു.

ഇപ്പോഴിതാ സൊനാക്ഷിയുടെ വാക്കുകള്‍ ഒരു പ്രശംസയായിത്തന്നെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി് രംഗത്തെത്തിയിരിക്കുകയാണ് ആയുഷ്മാന്‍ ഖുരാന. സെക്‌സ് തുറന്ന് സംസാരിക്കേണ്ട വിഷയമാണെന്നും ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് സമൂഹത്തെ മലീമസമാക്കുന്നതെന്നും നടന്‍ പ്രതികരിച്ചു. അമിതാഭ് ബച്ചന്‍ പ്രധാനവേഷത്തിലെത്തുന്ന ഗുലാബോ സീതാബോ ആണ് ആയുഷ്മാന്‍ ഒരുക്കുന്ന പുതിയ ചിത്രം.