ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യത്തെ കേസ് എടുത്ത് പ്രത്യേക അന്വേഷണസംഘം. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ ഈ മാസം 23ന് പൊന്‍കുന്നം പോലീസ് എടുത്ത കേസ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്.
2013ല്‍ പൊന്‍കുന്നത്തെ ലൊക്കേഷനില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നാണ് മൊഴി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താരസംഘടന അമ്മയുടെ മുന്‍ഭാരവാഹികളുടെയും പരാതിക്കാരുടെയും മൊഴി എടുത്തിരുന്നു.
താരങ്ങള്‍ താമസിച്ച കൊച്ചിയിലെ ഹോട്ടലിലും പരിശോധന നടത്തിയിരുന്നു. അതേസമയം, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നല്‍കിയ പരാതിയില്‍ ജയസൂര്യ, മുകേഷ്, ഇടവേള ബാബു, സിദ്ദിഖ് എന്നിവരുടെ പേരില്‍ കേസ് എടുത്തിരുന്നു. ബംഗാളി നടി നല്‍കിയ പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെയും കേസ് എടുത്തിരുന്നു.
മുകേഷ്, ഇടവേള ബാബു എന്നിവരെ അറസ്റ്റ് ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ വിട്ടയച്ചു. സിദ്ദിഖിനെതിരെ അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഒളിവില്‍ പോയ നടനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി പ്രതികൂലമായാല്‍ നടന്‍ കീഴടങ്ങാനാണ് സാധ്യത.