സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. മണിപ്പൂരില്‍ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ എന്‍പിപി വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ നിലവിലെ ക്രമസമാധാന നിലയെ കുറിച്ചും ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ആശങ്ക പ്രകടമാക്കി. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിപക്ഷം ബിജെപിയ്ക്ക് എതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടയിലാണ് എന്‍പിപി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Read more

എന്നാല്‍ എന്‍പിപിയുടെ പിന്തുണ പിന്‍വലിക്കല്‍ ബിജെപി സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. മണിപ്പൂരിലെ 60 അംഗ നിയമസഭയില്‍ ബിജെപിയ്ക്ക് 37 സീറ്റുകളുണ്ട്. 7 സീറ്റുകളാണ് എന്‍പിപിയ്ക്ക്. 31 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജനതാദള്‍ യുണൈറ്റഡിന് 5 സീറ്റും, നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് 5 സീറ്റും കൂടാതെ മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണ ബിജെപിയ്ക്കുണ്ട്.