അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ, പന്തികേടില്ല; ഇച്ചായ വിളി, ടൊവീനോയ്ക്ക് ശ്രീജിത്ത് പണിക്കരുടെ മറുപടി

മതം നോക്കി ആളുകളെ പേര് വിളിക്കുന്നതില്‍ തനിക്ക് പന്തികേട് തോന്നിയിട്ടുണ്ടെന്ന് നടന്‍ ടൊവിനോ തോമസ് കഴിഞ്ഞ ദിവസമാണ് പറഞ്ഞത്. ക്രിസ്ത്യാനി ആയതുകൊണ്ട് അയാളെ ഇച്ചായാ എന്നും, മുസ്ലിം ആയതുകൊണ്ട് ഇക്കാ എന്നും ഹിന്ദു ആണെങ്കില്‍ ഏട്ടന്‍ എന്നും ഒക്കെ വിളിക്കുമ്പോള്‍, അതില്‍ എന്തോ ഒരു പന്തികേട് തോന്നിയിട്ടുണ്ട് എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ടൊവിനോ മറ്റ് നടന്മാരെ ചേട്ടാ എന്നും ഇക്കാ എന്നുമൊക്കെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും ശ്രീജിത്ത് പങ്കുവെച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് കുറിപ്പ്

സിനിമാ നടന്‍ ടൊവീനോ തോമസിന്റെ ഒരു പ്രസ്താവന കാണാനിടയായി. ഒരാള്‍ ഹിന്ദു ആയതുകൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതുകൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതുകൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതില്‍ പന്തികേടുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകള്‍ കൊണ്ട് സംബോധന ചെയ്യുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ഞാനും ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ എനിക്കു തോന്നിയുള്ളൂ.

Read more

തീര്‍ച്ചപ്പെടുത്താന്‍ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒന്നുനോക്കി. ലാലേട്ടന്‍, ജയേട്ടന്‍, രാജുവേട്ടന്‍, പദ്മകുമാറേട്ടന്‍, ശ്രീയേട്ടന്‍, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിര്‍ഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചന്‍ എന്നൊക്കെയാണ് ആള്‍ക്കാരെ സംബോധന ചെയ്തിരിക്കുന്നത്. എല്ലാം അതാത് മതത്തില്‍ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന നല്ല സംബോധനകള്‍ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസര്‍ അല്ലല്ലോ. പന്തികേടില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം.