കൗമാര കാലത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകളുമായി 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'; ചിത്രം ഇന്നു മുതല്‍ തിയേറ്ററുകളില്‍

വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം മാത്യുവും പ്രധാന വേഷത്തിലെത്തുന്ന തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്. സ്‌കൂള്‍ കാലത്തിന്റെ ഓര്‍മകളിലേക്കും പ്രണയങ്ങളിലേക്കും പ്രേക്ഷകനെ കൊണ്ടു പോകുന്ന ചിത്രം അള്ളു രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തിലൊരാളായ ഗിരീഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗിരീഷും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവി പത്മനാഭന്‍ എന്ന സ്‌കൂള്‍ മാഷായാണ് വിനീത് ചിത്രത്തിലെത്തുന്നത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും വിനീത് അവതരിപ്പിക്കുന്ന ഈ വേഷമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ജെയ്‌സണ്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് മാത്യു എത്തുന്നത്. “ഉദാഹരണം സുജാത” ഫെയിം അനശ്വര രാജനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍.