അവയവദാനം എന്ന മഹത്തായ സന്ദേശമാണ് വെടിക്കെട്ട് എന്ന സിനിമ നല്‍കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മറ്റി കേസരി ഹാളില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു. സമൂഹത്തിന് നന്മ കൊടുക്കുന്ന ഒരു സിനിമയുമായി നിര്‍മ്മാണ രംഗത്തേക്ക് വരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ എന്‍.എം.ബാദുഷ പറഞ്ഞു.
മികച്ച ചിത്രമായ വെടിക്കെട്ടിനെ ചിലര്‍ മോശം റിവ്യൂ ഇട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത് വേദനാജനകമാണെന്ന് ബാദുഷ പറഞ്ഞു. ഇരുന്നൂറോളം പുതുമുഖങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്നും അത് സംവിധായകരായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും എനിക്കു നല്‍കിയ ധൈര്യം കൊണ്ടാണ് എന്നും ബാദുഷ പറഞ്ഞു.
ജാതിയും മതവും ഒന്നും വേണ്ട എല്ലാം ഒന്നാണെന്ന് തെളിയിക്കാന്‍ ശ്രമിച്ച ഈ സിനിമയെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് സിനിമയുടെ സംവിധായകരില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് പറഞ്ഞു. കോളനിപ്പടം എന്നാണവര്‍ ഈ സിനിമയെ വിളിക്കുന്നത്.കോളനിയും കോളനിക്കാരുമെന്താ മോശമാണോ അവരുടെ കഥയും പറയേണ്ടേ എന്നും ബിബിന്‍ ചോദിച്ചു. ഈ സിനിമയുടെ ക്ലൈമാക്‌സിലെ അവയവദാനം യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണെന്ന് ബിബിന്‍ ജോര്‍ജ് പറഞ്ഞു.
ജാതീയതയുടെയും നിറത്തിന്റെയും പേരിലുള്ള അതിര്‍വരമ്പുകളൊക്കെഒഴിവാക്കുക എന്നുള്ളതാണ് ഈ സിനിമയുടെ ഉദ്ദേശമെന്നും കൂടാതെ അവയവദാനത്തിന്റെ മെസേജ് ഈ ചിത്രം നല്‍കുന്നുണ്ടെന്നും സംവിധായകരില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിരവധി പേര്‍ അവയവദാനത്തിന് സന്നദ്ധരായി സമ്മതപത്രം നല്‍കിയിട്ടുണ്ടെന്നും വിഷ്ണുണ്ണികൃഷ്ണന്‍ പറഞ്ഞു.
Read more
നായിക ഐശ്വര്യ അനില്‍കുമാര്‍, ഡോ.നോബിള്‍, സിനിമയിലെ മറ്റ് അഭിനേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ്, സെക്രട്ടറി അനുപമ ജി നായര്‍, ട്രഷറര്‍ പ്രമോദ് തുടങ്ങിയവരും സംസാരിച്ചു.