പ്രേക്ഷകർക്ക് പ്രിയങ്കരായ മലയാള സിനിമയിലെ താര സഹോദരിമാരാണ് കൽപ്പനയും ഉർവശിയും കലാരഞ്ജിനിയും. മൂന്ന് പേരും സിനിമയിലെ വിവിധ തലങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരാണ്. താരസഹോദരിമാരിൽ മലയാളികൾക്ക് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച കൽപ്പന. ശ്രദ്ധേയമായ കഥാപാത്രങ്ങൾ തുടരെ ലഭിച്ച് കൊണ്ടിരിക്കെയാണ് കൽപ്പന ലോകത്തോട് വിട പറയുന്നത്.
മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങൾ ചെയ്തിരുന്ന താരങ്ങളുടെ കുടുംബജീവിതവും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ താരസഹോദരിമാരുടെ കുടുംബജീവിതത്തിലുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ ആലപ്പി അഷ്റഫ്. തനിക്ക് ഏറ്റവും കൂടുതൽ സൗഹൃദമുണ്ടായിരുന്നത് കലാരഞ്ജിനിയോടും കൽപ്പനയോടുമായിരുന്നു എന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
ഒരു കാലത്ത് മലയാളി പ്രേക്ഷകരയെല്ലാം പൊട്ടിചിരിപ്പിച്ച നടിയായിരുന്നു കൽപ്പന. തമിഴ് സംവിധായകൻ ഭാഗ്യരാജിന്റെ സിനിമയാണ് ചിന്നവീട്. ആ സിനിമയിലെ നായിക കൽപ്പനയായിരുന്നു. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയുന്ന യുവതിയുടെ കഥ പറയുന്ന സിനിമയാണ് ചിന്നവീട്. തന്റെ യഥാർത്ഥ ജീവിതത്തിലും അത്തരം അനുഭവം ഉണ്ടാകുമെന്ന് കൽപ്പന ഒരിക്കലും വിചാരിച്ചിരുന്നില്ല. കൽപ്പനയെ വിവാഹം ചെയ്ത് ആലപ്പുഴയിലേക്കാണ് കൊണ്ടുവന്നത്. അവിടെ ആഡംബരജീവിതമാണ് കൽപ്പനയും കുടുംബവും നയിച്ചത്.
ഞാൻ പല പ്രാവശ്യം കൽപ്പനയുടെ വീട്ടിൽ പോയിട്ടുണ്ട്. കൽപ്പനയുടെ ഭർത്താവ് അനിലും എൻ്റെ പരിചയക്കാരനായിരുന്നു. അനിൽ സംവിധാനം ചെയ്ത ഒരു കോമഡി സീരിയലിൽ ഞാനും കൽപ്പനയും അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് അനിലും കൽപ്പനയും രണ്ട് ഹോട്ടൽ മുറികളിലായിരുന്നു താമസിച്ചിരുന്നത്. അത് എന്നിൽ ഒരു സംശയം ഉണ്ടാക്കി. കൽപ്പനയുടെ ഉള്ളിൽ ഒരുപാട് സങ്കടങ്ങളുണ്ടെന്ന് എനിക്ക് മനസിലായി. ഒരു ദിവസം ഒരുപിടി ഗുളികകളാണ് കൽപ്പന കഴിക്കുന്നത്. ആ സമയത്ത് തന്നെ അവർ ഒരുപാട് എണ്ണപലഹാരങ്ങളും കഴിക്കുമായിരുന്നു. കൽപ്പന ആരോഗ്യം നോക്കുന്നില്ലെന്ന് എനിക്ക് മനസിലായി.
മറ്റൊരു പരിപാടിക്ക് ഞാനും കൽപ്പനയും പോയപ്പോൾ അവർ എന്നെ അമ്മയുടെ സഹോദരൻ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. എന്നാലും സ്വകാര്യ ദുഃഖങ്ങളൊന്നും കൽപ്പന എന്നോട് പങ്കുവച്ചിട്ടില്ല. കൽപ്പനയുടെ കുടുംബജീവിതം വേർപിരിയലിൽ അവസാനിച്ചെങ്കിലും അവർ തകർന്നില്ല. മകൾക്കുവേണ്ടിയാണ് അവർ ജീവിച്ചത്. പിന്നീട് കൽപ്പനയ്ക്ക് ജീവിതത്തോട് വല്ലാത്ത വാശിയായിരുന്നു. കരഞ്ഞിരിക്കാൻ ഞാൻ കണ്ണീർ സീരിയലിലെ നായികയല്ലെന്ന് കൽപ്പന എന്നോട് പറഞ്ഞിട്ടുണ്ട്.എന്നാൽ കൽപ്പനയെ മരണം തോൽപ്പിച്ച് കളഞ്ഞു- ആലപ്പി അഷ്റഫ് പറഞ്ഞു.