അമ്മ പിരിച്ചുവിട്ടിട്ടില്ല, ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ രാജിവെച്ചിട്ടില്ല, വിശദീകരണമായി എക്സിക്യൂട്ടീവ് അംഗമായ സരയു മോഹൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് അംഗങ്ങളുടെ യോഗത്തെ തുടർന്ന് പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള എല്ലാ അംഗങ്ങളും രാജിവെച്ചു എന്ന വാർത്ത പുറത്തു വന്നിരുന്നു. എന്നാൽ ‘അമ്മ’ അംഗങ്ങളുടെ രാജി തീരുമാനത്തെ തള്ളി കൊണ്ട് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് എക്സിക്യൂട്ടീവ് അംഗം കൂടിയായ സരയു മോഹൻ.

താൻ നിലവിൽ രാജി സമർപ്പിച്ചിട്ടില്ല എന്നും യോഗത്തിലും ഇതേ നിലപാടാണ് എടുത്തത് എന്നും സരയു വിശദീകരിച്ചു. രാജിവെക്കുന്നതുമായി ബന്ധപ്പെട്ട് മീറ്റിംഗിൽ തന്നെ ഭിന്നാപ്രിയങ്ങൾ ഉണ്ടായിരുന്നു എന്നും സരയു ചൂണ്ടികാണിച്ചു. നിലവിൽ നടക്കുന്ന കോലാഹലങ്ങളുടെ പശ്ചാത്തലത്തിൽ തനിക്ക് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിൽ താല്പര്യമില്ല എന്ന് പറഞ്ഞു കൊണ്ടാണ് മോഹൻലാൽ രാജിവെച്ചത്.

ഹേമ കമ്മിറ്റിയെ പൂർണമായും സ്വാഗതം ചെയ്യുന്നു എന്നും എല്ലാ ആരോപണങ്ങളും തെളിയിക്കപ്പെടണമെന്നും സരയു പറഞ്ഞു. അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരിക്കുക എന്നതല്ല ഏറ്റവും വലിയ കാര്യം, തിരഞ്ഞെടുക്കപ്പെട്ട അംഗം എന്ന നിലക്ക് ഓരോ ആളുകൾക്കും അതിന്റെ ഉത്തരവാദിത്വമുണ്ട്, വ്യകതിപരമായി അനുഭവങ്ങളില്ല എന്നത് കൊണ്ട് ആർക്കും അങ്ങനെ സംഭവിച്ചിട്ടില്ല എന്നർത്ഥമില്ല സരയു കൂട്ടിച്ചേർത്തു.

അതേസമയം എക്സിക്യൂട്ടീവ് അംഗങ്ങളായ ടോവിനോ തോമസ്, വിനു മോഹൻ, അനന്യ എന്നിവരും രാജി വെച്ചിട്ടില്ല എന്ന വാർത്തയും ഇപ്പോൾ പുറത്ത് വരുന്നത്. രാജിവെച്ചു പുറത്ത് പോകാൻ താല്പര്യമുള്ളവർ പുറത്ത് പോകട്ടെ ഞങ്ങൾ എന്തിന് രാജിവെക്കണം എന്നാണ് നിലവിൽ രാജിവെക്കാതെ തുടരുന്ന യുവ അംഗങ്ങൾ ചോദിക്കുന്നത്. അതിനിടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. തീരുമാനത്തിൽ എനിക്ക് വ്യക്തിപരമായി എതിർപ്പുകൾ ഉണ്ടായിരുന്നു, എങ്കിലും ഭൂരിപക്ഷം എക്സിക്യൂട്ടീവ് പിരിച്ചു വിടാൻ തീരുമാനിച്ചതിനാൽ അതിന്റെ കൂടെ നിന്നു. ബാക്കി മൂന്ന് ആളുകളുടെ നിലപാടിനെ കുറിച്ച് ഞാൻ പറയുന്നില്ല. കമ്മിറ്റി പിരിച്ചുവിടാനായിരുന്നു ഭൂരിപക്ഷത്തിൻ്റെ തീരുമാനം. താൻ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അനന്യ പ്രതികരിച്ചു.