'മിന്നല്‍ മുരളി'യില്‍ പുതിയ വില്ലന്‍? നെറ്റ്ഫ്‌ളിക്‌സ് വേഴ്‌സിന്റെ യൂണിവേഴ്‌സുകള്‍ ഒന്നിക്കുന്നു!

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച് ചിത്രമായിരുന്നു ‘മിന്നല്‍ മുരളി’. ഈ സിനിമയിലൂടെ മലയാളത്തിന് ഒരു സൂപ്പര്‍ഹീറോയെ ലഭിക്കുകയായിരുന്നു. അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ നെറ്റ്ഫ്ളിക്സ് ഇന്ത്യ പുറത്ത് വിട്ട മിന്നല്‍ മുരളിയുടെ പുതിയ ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്. മിന്നല്‍ മുരളിയായി ടൊവിനോയും ‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’ എന്ന് സീരിസിലെ വെക്ന (വണ്‍) എന്ന കഥാപാത്രമായ ബോളിവുഡ് താരം വിജയ് വര്‍മയുമാണ് ഫോട്ടോയിലുള്ളത്.

‘നെറ്റ്ഫിളിക്സ് വേഴ്സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്സുകള്‍ ഒന്നിക്കുന്നു,’ എന്നാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. വെക്നയുടെ കാര്യം തീര്‍ന്നുവെന്നും വെക്നയക്ക് മുരളിയെ കൈകാര്യം ചെയ്യാനാവില്ലെന്നും കമന്റുകളുണ്ട്. മിന്നല്‍ മുരളിയെ വച്ച് നെറ്റ്ഫ്ളിക്സ് പുതിയ യൂണിവേഴ്സ് ഉണ്ടാക്കുകയാണോ എന്നാണ് മറ്റ് ചില കമന്റുകള്‍. എന്തായാലും നെറ്റ്ഫ്ളിക്സിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഒപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയും നെറ്റ്ഫ്‌ലിക്‌സിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നല്‍കുന്നുണ്ട്. പുതിയ സിനിമയില്‍ മിന്നല്‍ മുരളിയുടെ ഹെയര്‍സ്‌റ്റൈലിലും താടിയിലുമൊക്കെ ചെറിയ വ്യത്യാസവും കാണുന്നുണ്ട്. കുറ്റിത്താടിക്ക് പകരം കട്ടത്താടിയും അലസമായ ഹെയര്‍സ്‌റ്റൈലിന് പകരം വൃത്തിയായി ചീകിയൊതുക്കിയ സ്‌റ്റൈലുമാണ് ഫോട്ടോയില്‍ കാണാനാവുക.

എന്നാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വര്‍ഷത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ബേസില്‍ ജോസഫ് പ്രതികരിച്ചിരുന്നു. ആദ്യ ഭാഗം ഒ.ടി.ടിയിലായിരുന്നെങ്കില്‍ രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധ നേടിയ സിനിമയ്ക്ക് ഇന്ത്യയൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങളാണ് സിനിമയെ തേടിയെത്തിയത്. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മികച്ച സംവിധായകനായി ബേസിലിനെ തിരഞ്ഞെടുത്തിരുന്നു.

നാലാമത് ഐ.ഡബ്ല്യൂ.എം ഡിജിറ്റല്‍ അവാര്‍ഡ്‌സിലും സിനിമ തിളങ്ങിയിരുന്നു. പ്രാദേശിക ഭാഷയിലെ മികച്ച ഡിജിറ്റില്‍ ചിത്രത്തിനും ഏറ്റവും മികച്ച വി.എഫ്.എക്‌സിനുമുള്ള പുരസ്‌കാരമാണ് സിനിമ നേടിയത്. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണിന്റെ നാമനിര്‍ദേശ പട്ടികയിലും സിനിമ എത്തിയിരുന്നു. സൈമ അവാര്‍ഡ്‌സിലും ചിത്രം തിളങ്ങി. ജെ.സി.ഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സണ്‍ അവാര്‍ഡും ബേസില്‍ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.

Read more

2021 ഡിസംബര്‍ 16നാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് മിന്നല്‍ മുരളി എത്തിയത്. ടൊവിനോ ജെയ്‌സണ്‍, മിന്നല്‍ മുരളി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ തമിഴ് നടന്‍ ഗുരു സോമസുന്ദരമാണ് വില്ലനായി എത്തിയത്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്‌സണ്‍ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. അജു വര്‍ഗീസ്, ബൈജു, മാമുക്കോയ, ഫെമിന ജോര്‍ജ് എന്നിവരാണ് സിനിമയില്‍ മറ്റ് അഭിനേതാക്കളായി എത്തിയത്. രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെ തന്നെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.