പരിക്ക് പൂര്‍ണമായും ഭേദമാവാത്തത് കാരണം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ് ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നായകസ്ഥാനത്ത് മാറേണ്ടി വന്നിരുന്നു. സഞ്ജുവിന് പകരം റിയാന്‍ പരാഗാണ് ആര്‍ആറിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ രണ്ട് തോല്‍വിയും ഒരു ജയവും മാത്രമാണ് പരാഗിന്റെ കീഴില്‍ രാജസ്ഥാന്‍ കൈവരിച്ചത്. കൂടാതെ ടീം സെലക്ഷനിലും ആദ്യത്തെ മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സ് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ഇപ്പോഴിതാ വിക്കറ്റ് കീപ്പിങ്ങിനുളള ബിസിസിഐയുടെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നിന്നുളള അനുമതി നേടി സഞ്ജു സാംസണ്‍ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. ബിസിസിഐയുടെ ക്ലിയറന്‍സ് ഇന്ന് ലഭിച്ചതോടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിന് രാജസ്ഥാന്‍ നായകനാകാം.
വലിയ ആശ്വാസമാണ് സഞ്ജുവിന്റെ തിരിച്ചുവരവോട് കൂടി രാജസ്ഥാന്‍ ക്യാമ്പിലുണ്ടാവുക. ഇതിനായി കഴിഞ്ഞ ദിവസമാണ് സഞ്ജു ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോയത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ ജോഫ്രാ ആര്‍ച്ചറുടെ ബോളിലാണ് സഞ്ജുവിന് കൈവിരലിന് പരിക്കേറ്റത്. തുടര്‍ന്ന് ബാക്കിയുളള മത്സരങ്ങളില്‍ സഞ്ജുവിന് പകരം ധ്രുവ് ജുറേലാണ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനായി വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. കൈവിരലിനേറ്റ പരിക്കില്‍ സര്‍ജറി വേണ്ടി വന്ന സഞ്ജുവിന് ഐപിഎലിലെ ആദ്യ മത്സരങ്ങളില്‍ ബാറ്റിങ്ങിനുളള അനുമതി മാത്രമാണ് ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് പരാഗ് രാജസ്ഥാന്റെ ക്യാപ്റ്റനായത്.
പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംപാക്ട് പ്ലെയറാണ് സഞ്ജു സാംസണ്‍ ഇറങ്ങിയത്. സഞ്ജുവിന്റെ കീഴില്‍ മുന്‍വര്‍ഷങ്ങളില്‍ ഐപിഎല്‍ ഫൈനലിലും പ്ലേഓഫിലും ഉള്‍പ്പെടെ രാജസ്ഥാന്‍ റോയല്‍സ് കളിച്ചിരുന്നു. ക്യാപ്റ്റനായി ശ്രദ്ധേയ പ്രകടനം നടത്തിയതോടെയാണ് സ്ഥിരം നായകനായി സഞ്ജു സാംസണിനെ രാജസ്ഥാന്‍ മാനേജ്‌മെന്റ് നിയമിച്ചത്. എപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം.