ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന “ട്രാന്‍സ്” ഈ മാസം 20-ന് തിയേറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ആശങ്കപ്പെട്ടതു പോലെ വെട്ടിമാറ്റലുകളൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ചിത്രത്തിലെ 17 മിനിറ്റോളം വരുന്ന രംഗങ്ങള്‍ കട്ട് ചെയ്യണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹൈദരാബാദിലുള്ള സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി കണ്ടു വിലയിരുത്തിയ ചിത്രത്തില്‍ ഒരു ഭാഗവും കട്ട് ചെയ്യേണ്ടന്നാണ് തീരുമാനം. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 14- ന് ആയിരുന്നു നേരത്തെ റിലീസ് നിശ്ചയിച്ചിരുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടന്ന സ്‌ക്രീനിംഗിലാണ് ചിത്രം വിലയിരുത്തിയ സിബിഎഫ്സി സെന്ററിലെ അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നു എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാന്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഹൈദരാബാദിലെ സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു.
Read more
2017ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം അമല്‍ നീരദ്.