‘എബിസിഡി’യിലെ വില്ലന്‍ വേഷത്തില്‍ തുടങ്ങി സഹനടനായും, സ്റ്റൈലിഷ് വില്ലനായും, മൊയ്തീനിലെ അപ്പുവേട്ടനായും തുടര്‍ന്ന് മലയാള സിനിമയിലെ മുന്‍നിര നായക നടനായും പ്രേക്ഷകരെ കൈയ്യിലെടുത്ത താരമാണ് ടൊവിനോ തോമസ്. ചെയ്യുന്ന വേഷങ്ങളില്‍ എല്ലാം തന്റെതായ ഒരു ഐഡന്റിറ്റി കൊണ്ടുവന്നാണ് ടൊവിനോ പ്രേക്ഷകരെ തന്റെ ആരാധകരാക്കി മാറ്റിയത്. ‘മിന്നല്‍ മുരളി’യിലൂടെയാണ് മലയാളത്തിന്റെ സൂപ്പര്‍ ഹീറോയായി ടൊവിനോ മാറുന്നത്.
അതുകൊണ്ട് ടൊവിനോയുടെ മിന്നല്‍ മുരളി 2വിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രണ്ടാം ഭാഗം ഉണ്ടാവും എന്ന പ്രതീക്ഷ സംവിധായകനും താരവും തന്നതല്ലാതെ ഈ സിനിമയെ കുറിച്ച് മറ്റൊരു വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല. എങ്കിലും പിന്നീട് ജെയ്‌സണ് എന്ത് സംഭവിച്ചു എന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ താരം ഇപ്പോള്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് ‘അജയന്റെ രണ്ടാം മോഷണം’ എന്ന സിനിമയ്ക്കായാണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ ആയാണ് അജയന്റെ രണ്ടാം മോഷണം ഒരുങ്ങുന്നത്. ഇതിഹാസകരമായ ഒരു അനുഭവമായിരുന്നു തനിക്ക് എന്നാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ ടൊവിനോ പറഞ്ഞത്. ട്രിപ്പിള്‍ റോളിലാണ് സിനിമയില്‍ ടൊവിനോ എത്തുന്നത്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. ജിതിന്‍ ലാല്‍ ഒരുക്കുന്ന സിനിമയില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തുന്നത്. സിനിമയില്‍ അഭിനയിച്ചതിന് പിന്നാലെ ഇതിഹാസം എന്ന് പറഞ്ഞത് ഒട്ടും കൂടുതല്‍ അല്ലെന്നും താരം പറഞ്ഞിരുന്നു. അതുകൊണ്ട് ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
എന്നാല്‍ ടൊവിനോയുടെതായി ആദ്യം റിലീസിന് ഒരുങ്ങുന്നത് 2018 എന്ന സിനിമയാണ്. 2018ലെ മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി ഒരുക്കുന്ന സിനിമ. ടൊവിനോയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിരയും സിനിമയില്‍ എത്തുന്നുണ്ട്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത സംഭവമാണ് 2018ലെ മഹാപ്രളയം. കേരളമാകെ പകച്ചു പോയ ദിവസങ്ങളുടെയും അവിടുന്ന് ഉയര്‍ത്തെഴുന്നേറ്റ കരുതലിന്റെയും നേര്‍ക്കാഴ്ചയാകും സിനിമ.
Read more
നീലവെളിച്ചം എന്ന സിനിമയാണ് ടൊവിനോയുടെതായി ഒരുങ്ങുന്ന മറ്റൊരു സിനിമ. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രമുഖ കൃതിയായ ‘നീലവെളിച്ചം’ ആണ് അതേ പേരില്‍ തന്നെ ആഷിഖ് അബു സംവിധാനം ചെയ്യുന്നത്. 1964ല്‍ ബഷീറിന്റെ തന്നെ തിരക്കഥയില്‍ എ. വിന്‍സന്റ് ഒരുക്കിയ ക്ലാസിക് ചിത്രം ഭാര്‍ഗവി നിലയത്തിന്റെ പുനരാവിഷ്‌ക്കാരമാണ് ആഷിഖ് അബുവിന്റെ നീലവെളിച്ചം. സിനിമയില്‍ ബഷീര്‍ ആയാണ് ടൊവിനോ എത്തുന്നത്. ബഷീര്‍ ആയുള്ള ടൊവിനോടയുടെ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ടൊവിനോ സിനിമകളില്‍ ഒന്നാണ് നീലവെളിച്ചവും.