ഭരണകൂട ഭീകരതയുടെ അടയാളമായി മാറിയ വാച്ചാത്തി കേസ് സിനിമയാവുന്നു. 2023 സെപ്റ്റംബർ 29 നാണ് വാച്ചാത്തി കൂട്ടബലാത്സംഗ കേസിലെ വിധി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ഐ.എഫ്.എസ്. ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥരാണ് വീരപ്പനെ പിടിക്കാനെന്ന പേരിൽ ആദിവാസി സ്ത്രീകളെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്ത വാച്ചാത്തി കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോഴിതാ വാച്ചാത്തി കേസ് സിനിമയാവുകയാണ്. പ്രശസ്ത നടി രോഹിണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യൂണിഫോം അണിഞ്ഞ വനം, പൊലീസ്, റവന്യു ഉദ്യോഗസ്ഥർ 18 പെൺകുട്ടികളെ ബലാത്സംഗം ചെയ്ത സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സർക്കാരിന്റെ പിന്തുണയോടെ ഒരു ഗ്രാമത്തിലെ ആദിവാസി സമൂഹത്തോട് ചെയ്ത ക്രൂരതയും പിന്നീട് ഇരകളായ സ്ത്രീകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തുനിൽപ്പുമായിരിക്കും സിനിമയിലൂടെ പുറംലോകമറിയുന്നത്.
പ്രമുഖ തമിഴ് സാഹിത്യകാരനും തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ജനറൽ സെക്രട്ടറിയുമായ ആദവൻ ദീക്ഷണ്യയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.വിപുലമായ ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചിത്രം ഒരുക്കുന്നതെന്നും സഹനത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രത്തിലൂടെ പറയുന്നതെന്നും തിരക്കഥാകൃത്ത് ആദവൻ ദീക്ഷണ്യ പറഞ്ഞു. ചിത്രീകരണം ഉടൻ തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഗ്രാമത്തിലെ പുരുഷന്‍മാരെ മുഴുവന്‍ ക്രൂരമായി മര്‍ദിച്ച് ആട്ടിപ്പായിച്ച ശേഷം വാച്ചാത്തിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുടിലുകള്‍ ചുട്ടെരിച്ച ഭരണകൂട ക്രൂരതയോട് പതിറ്റാണ്ടുകള്‍ നീണ്ട നിയമപോരാട്ടത്തിലൂടെയാണ് വാച്ചാത്തിയിലെ ജനത നീതി നേടിയെടുത്തത്.ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരമായ ഭരണകൂട വേട്ടയായിരുന്നു വീരപ്പനെ പിടിക്കാനെന്ന പേരിൽ ഭരണകൂട പിന്തുണയോടെ വാച്ചാത്തി എന്ന ആദിവാസി ഗ്രാമത്തില്‍ നടത്തിയത്.
Read more
വെട്രിമാരൻ സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ‘വിടുതലൈ’ എന്ന സിനിമയിലും വാച്ചാത്തി സംഭവത്തിന്റെ റഫറൻസുകൾ ഉപയോഗപ്പെടുത്തിയിരുന്നു. വിജയ് സേതുപതിയും സൂരിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വർഷം ആദ്യത്തോടെ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.