ഷെയ്ന്‍ നിഗം നായകനായ വലിയപെരുന്നാള്‍ റീ എഡിറ്റ് ചെയ്ത് വീണ്ടും പ്രേക്ഷകരിലേക്ക്. നേരത്തെ സിനിമയുടെ മൂന്ന് മണിക്കൂറിലധികമുള്ള ദൈര്‍ഘ്യം ആക്ഷേപങ്ങള്‍ക്ക് വഴിവെക്കുകയും പ്രേക്ഷകരില്‍ മുഷിച്ചിലുണ്ടാക്കുകയും ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തിലാണ് സിനിമയുടെ മൂന്ന് മണിക്കൂര്‍ എട്ട് മിനിറ്റില്‍ നിന്നും ഇരുപത്തഞ്ചോളം മിനുറ്റ് ദൈര്‍ഘ്യം കുറച്ച് ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.
പുതിയ വേര്‍ഷനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. സംവിധായകനായ സലാം ബാപ്പു റീ എഡിറ്റഡ് വേര്‍ഷനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.
സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
എറണാംകുളം പി.വി.ആറില്‍ നിന്നും ഇന്ന് വീണ്ടും ഷെയിന്‍ നിഗവും ജോജുവും പുതുമുഖങ്ങളും തകര്‍ത്തഭിനയിച്ച് നവാഗതനായ ഡിമല്‍ സംവിധാനം ചെയ്ത “വലിയപെരുനാള്‍” ഒരിക്കല്‍ കൂടി കണ്ടു, റിലീസിന്റെ ആദ്യ ദിവസം നേരത്തെ കണ്ടിരുന്നു, ആദ്യ ദിവസത്തില്‍ നിന്നും വ്യത്യസ്തമായി ട്രിം ചെയ്ത പുതിയ വേര്‍ഷനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്, ഇത് കൂടുതല്‍ ആസ്വാദകരമായി തോന്നി, ദൈര്‍ഘ്യ കൂടുതലായിരുന്നു വലിയപെരുന്നാല്‍ നേരിട്ട പ്രധാന ആക്ഷേപം ഇരുപത്തഞ്ചോളം മിനിറ്റുകള്‍ നേരത്തേതില്‍ നിന്നും കുറവ് വരുത്തിയിട്ടുണ്ട്.
ആസ്വാദനത്തിന്റെ പുതു രീതി തുറക്കുന്ന വലിയപെരുന്നാളില്‍ ഷെയിന്‍ നിഗത്തിന്റെ വേറിട്ട മുഖം കാണാം, അഭിനയത്തിലും ഡാന്‍സിലും സംഘട്ടന രംഗങ്ങളിലും ഒരുപോലെ തിളങ്ങിയിരുന്നു ഷെയിന്‍. ജോജുവിന്റെ പക്വത നിറഞ്ഞ അഭിനയം വലിയപെരുന്നാളിന്റെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നു, നായിക ഹിമിക ബോസ്, മറ്റു പുതുമുഖങ്ങളെല്ലാവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി. സൗബിന്‍, വിനായകന്‍, അതുല്‍ കുല്‍ക്കര്‍ണി, ക്യാപ്റ്റന്‍ രാജു, ധര്‍മജന്‍ ബോള്‍ഗാട്ടി, അലന്‍സിയര്‍ എന്നിവര്‍ സിനിമയുടെ പോസിറ്റീവ് ഘടകങ്ങള്‍ തന്നെയാണ്.
Read more
കൊച്ചിയില്‍ നടന്ന ഒരു സംഭവകഥക്ക് ആ റിയാലിറ്റിയോട് നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ ഡിമല്‍ ഡെന്നിസ് വലിയപെരുന്നാല്‍ ഒരുക്കിയിരിക്കുന്നു. സുരേഷ് രാജന്‍ ക്യാമറയിലൂടെയും റെക്‌സ് വിജയന്‍ സംഗീതത്തിലൂടെയും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങിലൂടെയും ഡിമലിന് സര്‍വ്വ പിന്തുണയും വലിയപെരുന്നാല്‍ ഒരുക്കുന്നതില്‍ നല്‍കിയിട്ടുണ്ട്.