ആ സ്നേഹവും നൊമ്പരവും നിസ്സഹായതയുമൊക്കെ മോഹന്‍ലാല്‍ എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്; വരവേല്പിന്റെ 34 വര്‍ഷം

”സ്വന്തം നാടിന്റെ സുഗന്ധം,
സ്വന്തം വീടിന്നകത്തെ സുരക്ഷിതത്വം,
ഞാന്‍ ഒടുവില്‍ എന്റെ ജന്മനാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു”
എന്നും പറഞ്ഞ് ജന്മനാട്ടില്‍ തിരിച്ചെത്തിയ മുരളി മലയാള സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ട് ഏപ്രില്‍ ഏഴിന്,ഇന്നേക്ക് 30 വര്‍ഷം.
അതെ,സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ ‘വരവേല്‍പ്പ്’ എന്ന മികച്ച സിനിമ റിലീസായിട്ട് 30 വര്‍ഷം..

വരവേല്‍പ്പ് എന്ന പേര് പോലെ തന്നെയായിരുന്നു ഏഴ് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന മുരളിക്ക് ബന്ധുക്കളില്‍ നിന്നും കിട്ടിയ സ്‌നേഹോഷ്മളമായ വരവേല്‍പ്പ്..രണ്ട് ചേട്ടന്മാര്‍ അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കാനായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന,കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം സ്വന്തം കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന, ബന്ധുക്കളുടെ കപട സ്‌നേഹം തിരിച്ചറിയാന്‍ വൈകുന്ന,കൈയ്യില്‍ ഉള്ള സമ്പാദ്യം കൊണ്ട് നാട്ടില്‍ ജോലി/ബിസിനസ് ചെയ്ത് ജീവിക്കാന്‍ ശ്രമിക്കുന്ന,കൈയ്യില്‍ കാശില്ലാത്തവനെ ആര്‍ക്കും വേണ്ട എന്ന് തിരിച്ചറിയുന്ന,തന്റെ തണലില്‍ ജീവിച്ചവരില്‍ നിന്ന് പോലും തിരിച്ച് ഒന്നും പ്രതീക്ഷിക്കരുത് എന്ന് മനസിലാക്കുന്ന,ഒരുപാട് ജീവിതാനുഭവങ്ങളുമായി വീണ്ടും ജീവിതം പച്ച പിടിപ്പിക്കാന്‍ ഗള്‍ഫിലേയ്ക്ക് മടങ്ങി പോകുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ കഥ വളരെ ലളിതവും മനോഹരവുമായിട്ടാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും കൂടി അവതരിപ്പിച്ചിരിക്കുന്നത്..

സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍-മോഹന്‍ലാല്‍ സിനിമകള്‍,അത് മലയാളിക്ക് എന്നും ഗൃഹാതുരത്വം ഉണര്‍ത്തുന്നതാണ്..മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ വെറും ആറ് സിനിമകള്‍ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ ഇത്ര മാത്രം സ്വാധിനിച്ച വേറെ ഒരു സംവിധായകന്‍-തിരക്കഥാകൃത്ത്-നടന്‍ കൂട്ടുക്കെട്ട് ഉണ്ടാകുമൊ എന്ന് സംശയമാണ്..
ഈ കൂട്ടുക്കെട്ടില്‍ പിറന്ന ആറാമത്തെ സിനിമയാണ് വരവേല്‍പ്പ്..

സാമൂഹിക പ്രസക്തിയുള്ള, സന്ദേശമുള്ളൊരു നല്ല കഥ,ആ കഥയ്ക്ക് നല്കിയ സരസമായ ആഖ്യാനത്തിലൂടെ പ്രേക്ഷപ്രീതി നേടിയ സിനിമയാണ് വരവേല്‍പ്പ്..മലയാള സിനിമയിലെ ഏറ്റവും നാച്ചുറലായ കഥയും കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമുള്ള സിനിമകള്‍ എടുത്താല്‍ അതിന്റെ മുന്‍നിരയില്‍ വരവേല്‍പ്പ് എന്ന സിനിമയും അതിലെ കഥാപാത്രങ്ങളെ തികച്ചും സ്വഭാവികമായ രീതിയില്‍ അവതരിപ്പിച്ച നടീനടന്മാരും ഉണ്ടാകും,തീര്‍ച്ച..

മോഹന്‍ലാലിന്റെ അഭിനയ മികവ് തന്നെയാണ് വരവേല്‍പ്പ് എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്..മുരളി എന്ന കഥാപാത്രത്തിന്റെ സ്‌നേഹവും പ്രതീക്ഷയും തകര്‍ച്ചയും ഒറ്റപ്പെടലും നൊമ്പരവും നിസ്സഹായതയും ഒക്കെ മോഹന്‍ലാല്‍ എത്ര സ്വഭാവികമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്..മോഹന്‍ലാലിന്റെ ഏറ്റവും മികച്ച പത്ത് സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാന്‍  പറഞ്ഞാല്‍ അതില്‍ ഉറപ്പായും വരവേല്‍പ്പും അതിലെ മുരളിയും ഉണ്ടാകും, മുന്‍നിരയില്‍ തന്നെ..

വരവേല്‍പ്പിലെ പല രംഗങ്ങളും സംഭാഷണങ്ങളും രസകരവും മനസിനെ സ്പര്‍ശിക്കുന്നവയുമാണ്..
ചെറിയേട്ടനായ ജനാര്‍ദ്ദനന്‍ അബ്കാരി ബിസിനസ് ആരംഭിക്കാന്‍ മുരളിയെ നിര്‍ബന്ധിക്കുന്നതിന് മുമ്പ് ഒരു ഡയലോഗ് ഉണ്ട്
‘നിനക്കൊരു കല്യാണം ഒക്കെ കഴിക്കണ്ടെ’ എന്ന്..അപ്പോള്‍ ചെറിയൊരു നാണം വന്നിട്ട് മുരളിയുടെ നിഷ്‌കളങ്കമായ ഒരു ചിരി ഉണ്ട്, പ്രേക്ഷകന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന മോഹന്‍ലാലിന്റെ ചിരി..
പിന്നെ മനസില്‍ എത്ര ദേഷ്യം ഉണ്ടെങ്കിലും ചിരിച്ച മുഖത്തോട് വേണം ഇപ്പോഴത്തെ തൊഴിലാളികളോട് സംസാരിക്കാന്‍ എന്ന ഉപദേശം വല്ല്യേട്ടനില്‍ നിന്നും കിട്ടിയ ശേഷം തൊഴിലാളികളോട് സ്‌നേഹം പ്രകടിപ്പിക്കുന്ന സീനില്‍ മുരളിയായ മോഹന്‍ലാലും ഡ്രൈവര്‍ ചാത്തുകുട്ടിയായ ഇന്നസെന്റും കണ്ടക്റ്ററായ വല്‍സനും ശരിക്കും മല്‍സരിച്ച് അഭിനയിക്കുകയായിരുന്നു..
ബസ് സ്റ്റാന്റില്‍ ബസിന്റെ മുന്നില്‍ നിന്ന് പത്രം വായിച്ച് കൊണ്ട് നില്ക്കുന്ന ഡ്രൈവര്‍
ചാത്തുക്കുട്ടിയോട് മുരളി ”ചാത്തുക്കുട്ടി ചേട്ടാ,നമസ്‌കാരം,പിന്നെ എന്തൊക്കെയുണ്ട് പത്രത്തില്‍ വിശേഷം..ചേട്ടന്‍ രാവിലെ എന്ത് കഴിച്ചു,വീട്ടില്‍ ആരൊക്കെ ഉണ്ട്..ഇത്രേം ദിവസമായിട്ട് ചാത്തുക്കുട്ടി ചേട്ടന്റെ വീട്ടില്‍ ആരൊക്കെ ഇണ്ട് എന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല,ആരൊക്കെ ഇണ്ട്,എത്ര കുട്ടികളുണ്ട്..എന്താ കുട്ടികളെ ഒക്കെ കൊണ്ട് വരാത്തത്,അവര് ബസില്‍ കേറി ഫ്രീയായിട്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സഞ്ചരിക്കട്ടെ”
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഇന്നസെന്റിന്റെ ഒരു ഭാവം ഉണ്ട്,ഗംഭീരമാണത്..
അപ്പോള്‍ ജഗദിഷിന്റെ കണ്‍ടക്റ്റര്‍ വല്‍സന്‍ ‘എന്റെ അച്ഛന്‍ ചോദിച്ചു മുതലാളിയുടെ ഒരു ഫോട്ടൊ,വീട്ടില്‍ തൂക്കാന്‍’ എന്ന് പറയുന്നതും അതിന്
മുരളി ചിരിച്ച് കൊണ്ട് ‘അയ്യോ’ എന്നു പറയുന്നതും ഒക്കെ പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരികള്‍ സമ്മാനിച്ചു..
ഇന്നസെന്റ്,ജഗദീഷ്,മോഹന്‍ലാല്‍ എന്നിവരുടെ അസാധ്യ കോമഡി ടൈമിങ്ങ് പ്രകടമായ രംഗമായിരുന്നു മേല്‍പ്പറഞ്ഞത്..

കണ്ടക്ടര്‍ വല്‍സന്‍ പണം പറ്റിച്ച് പോയതിന് ശേഷം മുരളി തന്നെ കണ്ടക്ടര്‍ ആകാന്‍ തീരുമാനിക്കുന്നതും ആദ്യ ദിവസം ബസ് എടുക്കുന്നതിന് മുമ്പ് ഡ്രൈവര്‍ ചാത്തുക്കുട്ടിയോട് മുരളി പറയുന്ന ഡയലോഗ് തിയേറ്ററില്‍ ചിരി പടര്‍ത്തിയിരുന്നു..
‘ചാത്തുക്കുട്ടിയേട്ടാ,സ്പീഡ് അധികം വേണ്ടാ, എനിക്ക് വലിയ പ്രാക്ടീവ് കുറവാ”
അപ്പോള്‍ ചാത്തുക്കുട്ടിയായ ഇന്നസെന്റ് പറയുന്ന ഡയലോഗ് ആണ് ഏറ്റവും രസകരം
”എന്നെ ആരും നിയന്ത്രിക്കുന്നത് എനിക്ക് ഇഷ്ടമല്ല”..ചാത്തുക്കുട്ടി എന്ന കഥാപാത്രത്തെ എത്ര സ്വഭാവികമായിട്ടാണ് ഇന്നസെന്റ് അവതരിപ്പിച്ചിരിക്കുന്നത്..
ബസ് ഇറക്കാന്‍ വേണ്ടി മുരളി ചേട്ടന്മാരോട് സഹായം ചോദിച്ച് വരുന്ന രംഗങ്ങളും ആ രംഗങ്ങളിലെ മോഹന്‍ലാലിന്റെ അഭിനയവും ഗംഭീരമാണ്,എന്നാല്‍ വളരെ ലളിതവും..
ചേട്ടന്മാരും അമ്മാവനും അവഗണിച്ച ശേഷം വീട്ടില്‍ നിന്നും മുരളി പുറത്തിങ്ങുമ്പൊള്‍, പിന്നാലെ ചേട്ടന്റെ മകന്‍ ഓടി വന്ന് ഇന്ന് അവന്റെ പിറന്നാള്‍ ആണെന്ന് പറയുന്നതും, അവന് മുരളി പിറന്നാള്‍ ആശംസകള്‍ നേരുന്നതും,അപ്പൊ മുരളിയുടെ കണ്ണ് നിറയുന്നതും ഒക്കെ എത്രമേല്‍ അനായാസമായിട്ടാണ്,ചാരുതയോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്..വേറെ വല്ല നടന്മാരാരായിരുന്നു ഈ രംഗങ്ങളില്ലെങ്കില്‍ നാടകീയതയിലേയ്ക്ക് വഴുതി പോകാന്‍ സാധ്യത വളരെ കൂടതലായിരുന്നു..
മുരളിയുടെ ട്രേഡ് യൂണിയന്‍ നേതാവ് പ്രഭാകരനുമായിട്ടുള്ള രംഗങ്ങള്‍ ശരിക്കും നമ്മുടെ സമൂഹത്തിന്റെ നേര്‍കാഴ്ച്ചയായിരുന്നു..

ബസ് ഇറക്കാന്‍ തന്റെ വീട് പണയം വെയ്ക്കാം/വില്‍ക്കാം എന്ന് രമ മുരളിയോട് പറയുന്ന രംഗവും സംഭാഷങ്ങളുമാണ് വരവേല്‍പ്പിനെ മികവിന്റെ പൂര്‍ണതയില്‍ എത്തിക്കുന്നത്,അത് തന്നെയാണ് വരവേല്‍പ്പ് എന്ന സിനിമ നല്കുന്ന സന്ദേശവും..
”ഈ ബന്ധങ്ങള്‍ എന്ന് പറയുന്നത് അച്ഛനമ്മമാര്‍ ജീവിച്ചിരിക്കുന്നത് വരെയുള്ളു, അത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞു”..
”ഏഴ് കൊല്ലം മുമ്പ് 500 രൂപയും കൊണ്ടാണ് ഞാന്‍ ബോംബയ്ക്ക് വണ്ടി കയറിയത്.. എനിക്കവിടെ ഇപ്പൊഴും നല്ല കുറെ സുഹൃത്തുക്കള്‍ ഉണ്ട്,ഒരു വിസ സംഘടിപ്പിക്കാന്‍ വലിയ പ്രയാസം ഉണ്ടാകില്ല..ആരോഗ്യവും അധ്വാനിക്കാന്‍ തയ്യാറുള്ള മനസും ഉള്ളപ്പൊ ആരെ പേടിക്കാനാ”..
ശ്രീനിവാസന്‍ എന്ന എഴുത്തുക്കാരന്റെ സംഭാഷണങ്ങളിലെ ശക്തിയും തീവ്രതയും പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞു മേല്‍ പറഞ്ഞ രംഗങ്ങളില്‍..

സത്യന്‍- ശ്രീനി-ലാല്‍ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച സിനിമയും വരവേല്‍പ്പ് തന്നെയാണ്..
ഇവരുടെ മുന്‍ സിനിമകളിലെത് പോലെ ഹാസ്യം കുറഞ്ഞ് പോയത് കൊണ്ടാണെന്ന് തോന്നുന്നു വരവേല്‍പ്പിന് ഗാന്ധിനഗര്‍ പോലെയൊ നാടോടിക്കാറ്റ് പോലെയൊ ഉള്ള വന്‍ വിജയം അന്ന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചില്ല..അത് പോലെ തന്നെ സത്യന്‍-ശ്രീനി സിനിമകളില്‍ കാണുന്ന ഒരു പ്രത്യേകതയാണ് നായകനും നായികയ്ക്കും ഇടയിലുള്ള പറയാതെ പറയുന്ന പ്രണയം, അത് വരവേല്‍പ്പിലും ഭംഗിയായി തന്നെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്..

നമ്മുടെ പല അവാര്‍ഡ് ജൂറിക്കും പ്രേക്ഷകര്‍ക്കും ഒരു മുന്‍വിധി ഉണ്ട്, സെന്റിമെന്റല്‍ രംഗങ്ങളില്‍ നാടകീതയ കുത്തിനിറച്ച് അഭിനയിക്കുന്നതാണ് മികച്ച അഭിനയമെന്നും ആ അഭിനേതാക്കളാണ് മികച്ചവര്‍ എന്നും..
അങ്ങേയറ്റം അപക്വമായ,തെറ്റായ ഒരു ധാരണയാണത്..സത്യത്തില്‍ വരവേല്‍പ്പിലെ മുരളിയെ പോലുള്ള കഥാപാത്രത്തെ വളരെ സ്വഭാവികമായി അവതരിപ്പിക്കുക അഥവാ അഭിനയിക്കുകയല്ല എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപ്പിക്കുക എന്നതാണ് ഏതൊരു നടന്റെയും വെല്ലുവിളി..ആ വെല്ലുവിളി പതിവ് പോലെ വരവേല്‍പ്പിലും മോഹന്‍ലാല്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുണ്ട്..
ശരിക്കും വരവേല്‍പ്പിലെ പെര്‍ഫോമന്‍സ് ഒക്കെയാണ് അവാര്‍ഡ് സ്റ്റഫ്..

രേവതി,മുരളി,തിലകന്‍,ശ്രീനിവാസന്‍, ശങ്കരാടി,മാമുക്കോയ,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,മീന,KPAC ലളിത,ജഗദീഷ്,ബോബി കൊട്ടാരക്കര,തിക്കുറിശ്ശി,ജനാര്‍ദ്ധനന്‍,കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയ നടീനടന്മാരൊക്കെ അവരവരുടെ കഥാപാത്രങ്ങളെ വളരെ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു..വിപിന്‍ മോഹന്റെ ഛായാഗ്രഹണവും കൈതപ്രം-ജോണ്‍സണ്‍ ടീമിന്റെ ഗാനങ്ങളും വരവേല്‍പ്പിനെ കൂടുതല്‍ മനോഹരമാക്കി..

1989 ഏപ്രില്‍ 8 ന് കൊടുങ്ങല്ലുര്‍ ശ്രീകാളീശ്വരി തിയേറ്ററില്‍ നിന്നാണ് ഞാന്‍ വരവേല്പ് കാണുന്നത്,ഏട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്ക്കുന്ന സമയത്ത്..അതിന് ശേഷം എത്ര വട്ടം വരവേല്‍പ് കണ്ടു എന്ന് എനിക്കറിയില്ല..ഇപ്പോഴും ഇടയ്ക്കിടക്ക് ഞാന്‍ വരവേല്‍പ്പ് കാണാറുണ്ട്..

വരവേല്‍പ്പിന് ശേഷം ഈ നീണ്ട മുപ്പത്തിനാല് വര്‍ഷങ്ങളില്‍ സത്യന്‍-ശ്രീനി-ലാല്‍ ടീം വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നുള്ളത് മലയാള സിനിമ പ്രേക്ഷകര്‍ക്ക് വലിയ നഷ്ടം തന്നെയാണ്..
ഇനി ഒരു സിനിമയ്ക്കായി ഇവര്‍ ഒന്നിക്കാനുള്ള സാധ്യത വളരെ കുറവ് ആണെങ്കിലും ടി.പി.ബാലഗോപാലനിലൂടെയും ഗാന്ധിനഗറിലൂടെയും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലൂടെയും നാടോടിക്കാറ്റിലൂടെയും പട്ടണപ്രവേശത്തിലൂടെയും വരവേല്‍പ്പിലൂടെയും ഒക്കെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ സത്യന്‍-ശ്രീനി-ലാല്‍ കൂട്ടുക്കെട്ട് എന്നും നിറഞ്ഞ് നില്ക്കുക തന്നെ ചെയ്യും..

സഫീര്‍ അഹമ്മദ്