‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയിൽ ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണ് വാഴ. ചിത്രത്തിലൂടെ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷനിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ വിനായക്, അജിൻ ജോയ് എന്നിവർ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക.
വാഴ ചിത്രത്തിന്റെ അവസാനം ഹാഷിറും ടീമും നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടുകയും ചെയ്തു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.