'സിനിമയില്‍ അര്‍ഹിക്കുന്ന അവസരം കിട്ടിയില്ല'; സുബി സുരേഷിനെ കുറിച്ച് വി.ഡി സതീശന്‍

നടിയും അവതാരകയുമായ സുബി സുരേഷിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തിലാണ് പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈബി ഈഡന്‍ എംപിയും സുബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സുബിക്ക് സിനിമയില്‍ അര്‍ഹിക്കുന്ന അവസരം കിട്ടിയില്ലെന്ന് നടിയെ അനുസ്മരിച്ചു കൊണ്ട് വി ഡി സതീശന്‍ പറഞ്ഞു.

സുബിയുടെ വിയോഗം തീരാനഷ്ടമെന്ന് ഹൈബിയും പ്രതികരിച്ചു. അതേസമയം സുബി സൂരേഷിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തില്‍ വച്ചാണ് നടക്കുക. ഇന്നലെ രാവിലെയാണ് സുബി സുരേഷ് വിടവാങ്ങിയത്.

കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം വൃക്കകളെ ബാധിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ അപേക്ഷ പരിഗണിക്കാനിരിക്കെയാണ് സുബിയുടെ മരണം.

Read more

തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണ് താമസിച്ചിരുന്നത്. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്.