ലൈഗറിനെതിരെ ഉയരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളില്‍ ഭയമില്ലെന്ന് നടന്‍ വിജയ് ദേവരക്കൊണ്ട. മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ച് ചെയ്ത ചിത്രമാണ് ലെെഗർ. നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ആരെയും ഭയക്കേണ്ട കാര്യമില്ലെന്നും വിജയ് പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിജയവാഡയില്‍ സംസാരിക്കുന്നതിനിടെയാണ് നടന്റെ പ്രതികരണം.
ചിത്രത്തിനെതിരെ ഉയരുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങളെ ഭയക്കുന്നില്ല. മനസ്സും ശരീരവും പൂര്‍ണമായി അര്‍പ്പിച്ച് ചെയ്ത ചിത്രമാണിത്. നമ്മുടെ ഭാഗത്താണ് ശരിയെങ്കില്‍ ആരെയും ഭയക്കേണ്ട കാര്യമില്ല. ഈ ചിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നവരെല്ലാം ഇന്ത്യക്കാരാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. കംപ്യൂട്ടറുകള്‍ക്ക് മുന്നിലിരുന്ന് വെറുതേ ട്വീറ്റ് ചെയ്യുന്ന ആളുകളുടെ കൂട്ടത്തിലല്ല ആരും തന്നെയെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമ്പോള്‍ ഇത്തരം ട്രെന്‍ഡുകളൊന്നുമില്ലായിരുന്നുവെന്നും ചിത്രം ഇന്ത്യ മുഴുവനെത്തിക്കാന്‍ കരണ്‍ ജോഹറിനേക്കാള്‍ മികച്ച ഒരാളില്ലെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായമെന്നും കൂട്ടിച്ചേര്‍ത്ത വിജയ് ബാഹുബലി ഹിന്ദിയിലെത്തിച്ച് ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്ക് പുതിയ വഴി തുറന്ന് തന്ന ആളാണ് കരണ്‍ ജോഹറെന്നും ലൈഗര്‍ ഹിന്ദിയില്‍ റിലീസ് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു മടിയും കൂടാതെ ഏറ്റെടുത്തുവെന്നും പറഞ്ഞു.
ആഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ വിജയ് ദേവരക്കൊണ്ടയെയും അനന്യ പാണ്ഡയെയും കൂടാതെ രമ്യ കൃഷ്ണ, രോണിത് റോണി, മകരന്ദ് ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ അതിഥി വേഷത്തിലെത്തുന്നു എന്നതിന്റെ സൂചനയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്.
Read more
ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ബഹിഷ്‌കരണാഹ്വാനമുയരുന്ന ചിത്രമാണ് ലൈഗര്‍. പ്രമോഷന്‍ ചടങ്ങുകള്‍ക്കിടെ വിജയ് ടീപ്പോയ്ക്ക് മുകളില്‍ കാല് വെച്ചതും ചിത്രം കരണ്‍ ജോഹര്‍ നിര്‍മിക്കുന്നു എന്നതും ചിത്രത്തിന്റെ പൂജയ്ക്കിടെ വിജയും ചിത്രത്തിലെ നായിക അനന്യ പാണ്ഡെയും സോഫയിലിരുന്നതുമൊക്കെയാണ് ബഹിഷ്‌കരണത്തിനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്