കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവം, 'ആനന്ദ് ശ്രീബാല' വരുന്നു; വിഷ്ണു വിനയ് ചിത്രം നവംബര്‍ 15ന് തിയേറ്ററുകളിലേക്ക്

സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ്‌യുടെ ആദ്യ സംവിധാന സംരംഭമായ ‘ആനന്ദ് ശ്രീബാല’ നവംബര്‍ 15ന് തിയേറ്ററുകളിലെത്തും. തിരക്കഥാകൃത്ത്, നടന്‍ എന്നീ റോളുകളില്‍ തിളങ്ങിയ ശേഷമാണ് വിഷ്ണു സംവിധാന രംഗത്തേക്ക് എത്തുന്നത്. ‘ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയാണ് വിഷ്ണു സിനിമയില്‍ എത്തുന്നത്.

‘ഹിസ്റ്ററി ഓഫ് ജോയ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. ‘ദ ഗാംബിനോസ്’, ‘ആകാശഗംഗ 2’, ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നീ സിനിമകളില്‍ വിഷ്ണു മികച്ച റോളുകളില്‍ എത്തി. ഇനി അച്ഛന്‍ വിനയന്റെ പാത തുടരാനാണ് വിഷ്ണു ഒരുങ്ങുന്നത്.

‘മാളികപ്പുറം’,’ 2018′ എന്നി ചിത്രങ്ങളുടെ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആനന്ദ് ശ്രീബാലയില്‍ അര്‍ജുന്‍ അശോകനും അപര്‍ണ്ണ ദാസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘മാളികപ്പുറം’ എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ആനന്ദ് ശ്രീബാലയുടെ രചന നിര്‍വഹിക്കുന്നത്.

കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ മുമ്പേ പുറത്തുവിട്ടിരുന്നു. മെറിന്‍ ജോയ് എന്ന പെണ്‍കുട്ടിയുടെ തിരോധാനവും തുടര്‍ന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ആ കേസ് തെളിയിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

‘ചിന്താവിഷ്ടയായ ശ്യാമള’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംഗീത ഏറെനാളുകള്‍ക്ക് ശേഷം ഒരു മലയാളം സിനിമയില്‍ മുഴുനീള വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ആനന്ദ് ശ്രീബാലക്കുണ്ട്. ‘ജോ’ എന്ന തമിഴ് സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന മാളവിക മനോജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു എന്നിവരാണ് ചിത്രത്തില്‍ മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.

വിഷ്ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കിരണ്‍ ദാസാണ് എഡിറ്റര്‍. ലൈന്‍ പ്രൊഡ്യൂസഴ്‌സ്- ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- ബിനു ജി നായര്‍, ഡിസൈന്‍ – ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്- ലെബിസണ്‍ ഗോപി, ടീസര്‍ കട്ട്- അനന്ദു ഷെജി അജിത്,പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.