2025ലെ ആദ്യ ബ്ലോക്ക് ബസ്റ്റർ ആകുമോ 'രേഖാചിത്രം'?

ഒരു നോർമൽ ഇൻവെസ്റ്റിഗേഷൻ സിനിമ പ്രതീക്ഷിച്ച് പോയപ്പോൾ നൂറ് ശതമാനം പുതുമയുള്ള ഒരു എക്സ്പീരിയൻസ് തന്ന പടം! ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘രേഖാചിത്ര’ത്തിന് ആദ്യ രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ ഇതുവരെ ലഭിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മലയാളത്തിന് അപരിചിതമായ ആൾട്ടർനേറ്റ് ഹിസ്റ്ററി എന്ന സബ്-ജോണറിലാണ് ചിത്രം എത്തിയിരിക്കുന്നത്.

പുതുമ കൊണ്ട് വരുമ്പോഴാണ് ഒരു ത്രില്ലർ ചിത്രം വ്യത്യസ്തമാകുന്നത്. രേഖ ചിത്രത്തിൽ ഇത് അനുഭവിക്കാൻ സാധിക്കുമെന്നാണ് സിനിമ കണ്ടിറങ്ങിയ പലരും പറയുന്നത്. മാത്രമല്ല, സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന എഐ സാങ്കേതികവിദ്യയും നല്ല രീതിയിലാണ് ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. ആകെ മൊത്തത്തിൽ വളരെ യുണീക്ക് ആയ സംവിധാനമികവിൽ പുറത്തിറങ്ങിയ മികച്ച ത്രില്ലർ സിനിമയാണ് രേഖാചിത്രം. മാത്രമല്ല, ആസിഫ് അലിയുടെയും അനശ്വര രാജന്റെയും പെർഫോമൻസ് സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും അഭിപ്രായങ്ങളുണ്ട്. വളരെ പക്വതയോടെയാണ് ആസിഫ് അലി മറ്റൊരു പോലീസ് കഥാപാത്രമായി വെള്ളിത്തിരയിലെത്തിയത്.

സിനിമയുടെ ആദ്യ പകുതിയേക്കാൾ വളരെ മികച്ചതാണ് രണ്ടാം പകുതി എന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം. ചിത്രത്തിന് മികച്ച മൗത്ത് പബ്ലിസിറ്റിയും ലഭിക്കുന്നുണ്ട് എന്നതും പ്രേക്ഷകർ സിനിമ ഏറ്റെടുക്കാനുള്ള സാധ്യത കൂട്ടുകയാണ് ചെയ്യുന്നത്. ആദ്യ ദിനം രണ്ട് കോടിക്ക് മുകളിലും രണ്ടാം ദിനം രണ്ടര കോടിക്ക് മുകളിൽ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ഓവർസീസ് കളക്ഷൻ കൂട്ടാതെ ആദ്യ രണ്ട് ദിനങ്ങൾ കൊണ്ട് അഞ്ച് കോടി കളക്ഷനിലേക്ക് എത്താൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാള സിനിമയിൽ ഒരു പുതിയ തരം ക്രൈം ത്രില്ലറിൻ്റെ ഉദാഹരണം ആണ് ഈ സിനിമയെന്നും അവസാനം വരെ ത്രില്ലടിപ്പിക്കുന്ന തരത്തിൽ ഓരോ ഫ്രെയിമിലും കാണാൻ സാധിക്കുന്നുണ്ടെന്നുമാണ് ഒരു പ്രേക്ഷകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിന്റെ ട്രെയിലറും വലിയ രീതിയിൽ സ്വീകാര്യത നേടിയിരുന്നു. ട്രെയിലറിൽ നൽകിയ പ്രതീക്ഷ ഒരു തരി പോലും കുറയ്ക്കാതെ തിയേറ്ററിൽ എത്തിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

നടനെന്ന നിലയിൽ ആസിഫ് അലിയുടെ കഴിഞ്ഞ വർഷത്തെ പ്രകടനങ്ങളുടെ ഒരു തുടർച്ച തന്നെയാണ് രേഖാചിത്രത്തിലും കാണാൻ സാധിക്കുന്നത്. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷമുള്ള ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ആസിഫിനെ കൂടാതെ 2024ലെ എല്ലാ വിജയ ചിത്രങ്ങളിലും ഭാഗമായ ജഗദീഷ് ഈ വർഷവും തന്റെ ജൈത്രയാത്ര തുടർന്ന് 2025ലെ ആദ്യ ചിത്രത്തിലൂടെയും ഹിറ്റ് അടിക്കും എന്നാണ് പ്രതീക്ഷ.

അനശ്വര രാജൻ നായികയായെത്തിയ സിനിമയിൽ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഉള്ളത്. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.

ഈ വർഷം ഇറങ്ങിയ സിനിമകളിൽ വച്ചേറ്റവും ശ്രദ്ധനേടിയ സിനിമയായി മാറുകയാണ് രേഖാചിത്രം. ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ എന്തായാലും ലോഡിങ്. തൃപ്തികരമായ തിയേറ്റർ എക്സ്പീരിയൻസ് നൽകുന്നു എന്ന അഭിപ്രായം ലഭിക്കുന്ന സിനിമ എന്തായാലും 100 കോടി അടിക്കും എന്നാണ് പ്രതീക്ഷ.