ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വയലന്‍സ് ഏറിയ സിനിമ എന്ന വിശേഷണത്തോടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം തന്നെ 10 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ്. എന്നാല്‍ ചില പ്രേക്ഷകര്‍ക്ക് മാര്‍ക്കോ അത്ര സ്വീകാര്യമായില്ല. ചിത്രത്തിലെ ക്രൂരത കണ്ട് തിയേറ്ററില്‍ സ്ത്രീ ശര്‍ദ്ദിച്ചുവെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്.
ഉത്തരേന്ത്യക്കാരനായ സൂരജ് എന്ന പ്രേക്ഷകനാണ് സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ എങ്ങനെ ബാധിക്കുന്നുവെന്ന് പ്രതികരിച്ചിരിക്കുന്നത്. ”മാര്‍കോ എന്ന സിനിമ കണ്ടു. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ തൊട്ട് അടുത്തിരുന്ന സ്ത്രീ എന്റെ ഉടുപ്പിലേക്ക് ഛര്‍ദ്ദിക്കുകയായിരുന്നു. അനിമല്‍, കില്‍ എന്നീ സിനിമകളിലെ ഭീകരത മാര്‍ക്കോയ്ക്ക് താഴെയേ വരൂ.”
”ഇന്ത്യന്‍ സിനിമയില്‍ ഇത്തരം ഒരു സിനിമ ഒരിക്കലും കണ്ടിട്ടുണ്ടാകില്ല. നായകനല്ല, വില്ലനാണ് ഈ സിനിമയിലെ താരം. കുഞ്ഞ് കുട്ടികളോട് വരെ ഇത്രയും അടുത്ത ക്രൂരത കാണിക്കുന്ന വില്ലനെ നമ്മള്‍ കണ്ടിട്ടേയുണ്ടാകില്ല. കുട്ടികളും വൃദ്ധരും ഈ സിനിമ കാണാതിരിക്കുന്നതാണ് നല്ലത്. അവര്‍ മരിച്ചു പോകും. അത്രപോലും ഈ സിനിമ കോംപ്രമൈസ് ചെയ്തിട്ടില്ല.”
”മാളികപ്പുറം സിനിമയില്‍ ദൈവമായി വന്ന ഉണ്ണി മുകുന്ദന്‍ ഈ സിനിമയില്‍ ദൈവത്തില്‍ നിന്നും അകന്നാണ് നില്‍ക്കുന്നത്. തിയേറ്ററില്‍ തന്നെ ചെന്ന് കാണേണ്ട സിനിമയാണിത്” എന്നാണ് സൂരജ് പറയുന്നത്. അതേസമയം, നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത് 2019ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘മിഖായേല്‍’.
മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിലെത്തിയത്. ഇതേ കഥാപാത്രത്തെ ആസ്പദമാക്കിയാണ് ഹനീഫ് അദേനി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ക്കോയുമായി എത്തിയത്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.