ഓസ്‌കര്‍ പുരസ്‌കാര ജേതാവ് ലൂയിസ് ഗോസെ ജൂനിയര്‍ അന്തരിച്ചു

ഹോളിവുഡ് താരം ലൂയിസ് ഗോസെ ജൂനിയര്‍ (87) അന്തരിച്ചു. ഓസ്‌കര്‍, എമ്മി പുരസ്‌കാര ജേതാവായ ലൂയിസ് ഗോസെയുടെ മരണവിവരം നടന്റെ കുടുംബമാണ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചത്. കാലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു അന്ത്യം.

സഹനടനുള്ള ഓസ്‌കര്‍ നേടുന്ന കറുത്തവര്‍ഗക്കാരനായ ആദ്യ നടനായിരുന്നു ലൂയിസ് ഗോസെ ജൂനിയര്‍. ‘ആന്‍ ഓഫീസര്‍ ആന്‍ഡ് എ ജെന്റില്‍മാന്‍’ ചിത്രത്തിലെ പ്രകടനത്തിന് അക്കാദമി പുരസ്‌കാരം മാത്രമല്ല, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും ഗോസെയെ തേടിയെത്തി.

ആന്‍ ആക്ടര്‍ ആന്‍ഡ് എ ജെന്റില്‍മാന്‍ എന്നുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പിന്റെയും പേര്. ‘റൂട്ട്‌സ്’ എന്ന വി മിനി സീരീസിലൂടെ എമ്മി പുരസ്‌കാരവും നേടി. ഏറെ നാളുകളായി ഗോസെയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്.

അദ്ദേഹത്തിന്റെ മാലിബുവിലെ വീട്ടില്‍ കണ്ടെത്തിയ വിഷാംശമുള്ള പൂപ്പല്‍ മൂലമാണ് ആരോഗ്യാവസ്ഥ മോശമായതെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. 2010ല്‍ താരത്തിന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സംവിധായകനും നിര്‍മാതാവുമായ സാറ്റീ ഗോസെയുടെ മകനാണ്. ഷാരോണ്‍ എന്നൊരു മകനും കൂടി ഗോസെയ്ക്കുണ്ട്.