'ബാര്‍ബി' സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു..; ലബനനില്‍ വിവാദം, മറ്റ് രാജ്യങ്ങളില്‍ വിലക്ക്

‘ഓപ്പണ്‍ഹൈമറി’നെ പൊട്ടിച്ച് ബോക്‌സോഫീസില്‍ കുതിച്ച ‘ബാര്‍ബി’ക്ക് വിലക്ക് ഏര്‍പ്പെടുത്തി വിയറ്റ്‌നാമും കുവൈറ്റും. സിനിമ സ്വീകാര്യമല്ലാത്ത പെരുമാറ്റത്തെ പ്രോത്സഹിപ്പിക്കുകയും സമൂഹത്തിലെ മൂല്യങ്ങളെ വികലമാക്കുകയും ചെയ്യുന്നു എന്ന് ഫിലിം സെന്‍സര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ലാഫി അല്‍ സുബൈ ആരോപിച്ചു.

സിനിമയ്ക്കെതിരെ വിവാദം ചൂടുപിടിക്കുന്നതിനെ തുടര്‍ന്ന് ലബനനിലും സിനിമ വിലക്കിയേക്കും എന്നാണ് സൂചന. ബാര്‍ബി സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുന്നു, വിശ്വാസത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും ലബനന്‍ സാംസ്‌കാരിക മന്ത്രി മുഹമ്മദ് മൊര്‍തഡ പ്രതികരിച്ചു.

എന്നാല്‍ ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ബാര്‍ബി ആഗോള ബോക്സോഫീസില്‍ അതിവേഗം ഒരു ബില്യണ്‍ കലക്ഷന്‍ നേടി തിയേറ്ററുകളില്‍ തരംഗമാവുകയാണ്. ജൂലൈ 21നാണ് വാര്‍ണര്‍ ബ്രോസിന്റെ നിര്‍മാണത്തില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

2023ലെ ഏറ്റവും മികച്ച കലക്ഷനാണ് ചിത്രം നേടിയത്. ചിത്രത്തില്‍ മാര്‍ഗോട്ട് റോബി ആണ് ബാര്‍ബിയായി എത്തിയത്. റയാന്‍ ഗോസ്ലിംഗ്, സിമു ലിയു, എമ്മ മക്കി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.