ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ വില്‍ സ്മിത്തിന് ഓസ്‌കറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് 10 വര്‍ഷത്തെ വിലക്ക്. 2022 ഏപ്രില്‍ എട്ട് മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സിന്റെ ബോര്‍ഡ് ഓഫ് ഗവണേഴ്സ് യോഗമാണ് വില്‍ സ്മിത്തിന് വിലക്കേര്‍പ്പെടുത്തിയത്.
അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ സ്മിത്തിനെ അനുവദിക്കില്ലെന്നും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സി.ഇ.ഒ ഡോണ്‍ ഹഡ്‌സണും വെള്ളിയാഴ്ച പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അക്കാദമിയുടെ ഈ തീരുമാനം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് വില്‍ സ്മിത്ത് പ്രതികരിച്ചത്. അവതാരകന്റെ മുഖത്തടിച്ച സംഭവത്തിന് ശേഷം വില്‍ സ്മിത്ത് അക്കാദമിയില്‍ നിന്ന് രാജിവെച്ചിരുന്നു.
Read more
വില്‍ സ്മിത്തിന്റെ ഭാര്യയും അമേരിക്കന്‍ നടിയും ഗായികയുമായ ജെയ്ഡ പിങ്കെറ്റ് സ്മിത്തിനെ കളിയാക്കിക്കൊണ്ട് ക്രിസ് റോക്ക് സംസാരിച്ചതായിരുന്നു പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.