വില്‍ സ്മിത്ത് ഇത് ആദ്യമല്ല; ചുംബിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെ അടിക്കുന്ന പഴയ വീഡിയോ വൈറല്‍

ഓസ്‌കാര്‍ വേദിയില്‍ തന്റെ ഭാര്യയെ പരിഹസിച്ചതിന് ഹോളിവുഡ് താരം വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്ക്‌സിനെ അടിച്ച സംഭവത്തിന്റെ അലയൊലികള്‍ അവസാനിച്ച മട്ടില്ല. ഇപ്പോഴിതാ വില്‍ സ്മിത്തിന്റെ പഴയ ഒരു വിഡിയോ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘മെന്‍ ഇന്‍ ബ്ലാക്ക് 3’ എന്ന ചിത്രത്തിന്റെ മോസ്‌കോ പ്രീമിയറിന്റെ സമയത്ത് തന്നെ ചുംബിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് വില്‍ സ്മിത്ത് അടിക്കുന്നത്.

യുക്രെയ്ന്‍ മാധ്യമപ്രവര്‍ത്തകനായ വിറ്റാലി സെഡ്യൂകിനാണ് വില്‍ സ്മിത്തിന്റെ അടികൊണ്ടത്. റെഡ്കാര്‍പറ്റില്‍ വില്‍ സ്മിത്തിനെ കണ്ട വിറ്റാലി സെഡ്യൂക് ആലിംഗനം ചെയ്യുകയും ഇരുകവിളുകളിലും ചുംബിക്കുകയുമായിരുന്നു. സംഗതി ഇഷ്ടപ്പെടാതിരുന്ന വില്‍ സ്മിത്ത് അയാളെ തള്ളി മാറ്റുകയും ഇടംകൈ കൊണ്ട് കവിളില്‍ അടിക്കുകയുമായിരുന്നു.

‘ക്ഷമിക്കണം, അവന്‍ എന്റെ ചുണ്ടില്‍ ചുംബിക്കാന്‍ ശ്രമിച്ചു’-ഇങ്ങനെ പറഞ്ഞുകൊണ്ട് നടന്നു നീങ്ങിയ വില്‍ സ്മിത്ത് അവന് നല്ല ഇടി കിട്ടാത്തത് ഭാഗ്യമെന്നും പറയുന്നുണ്ടായിരുന്നു.