മോശം ഫോമിലുള്ള രാജസ്ഥാൻ റോയൽസ് ഓപണർ യശസ്വി ജയ്സ്വാളിന് പിന്തുണയുമായി രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ രംഗത്ത്. ആദ്യ മൂന്ന് മത്സരങ്ങളിലും ഒന്നും ചെയ്യാൻ ആകാതെ പുറത്തായ ജയ്‌സ്വാളിന് വമ്പൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഈ സാഹചര്യത്തിൽ സഞ്ജു തന്നെ സഹതാരത്തെ പിന്തുണച്ചുകൊണ്ട് വന്നത്.
സഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:
“അവൻ വളരെയധികം അധ്വാനം നടത്തുന്നു. കൂടുതൽ മണിക്കൂർ അവൻ നെറ്റ്‌സിൽ ബാറ്റ് ചെയ്യുന്നുണ്ട്. ഫോമിലേക്കെത്താൻ സാധ്യമായതെല്ലാം അവൻ ചെയ്യുന്നുണ്ട്. ഐപിഎൽ വളരെ വെല്ലുവിളി നിറഞ്ഞതാണ്. സിക്‌സിനും ബൗണ്ടറിക്കുമായി ശ്രമിക്കുമ്പോൾ വിക്കറ്റും നഷ്ടമാവുന്നത് സ്വാഭാവികമാണ്. അവൻ ആവശ്യമുള്ള സമയത്ത് ഏറ്റവും മികച്ച പ്രകടനത്തോടെ ഉയർന്ന് വരുമെന്ന് തന്നെ വിശ്വസിക്കുന്നു. അവന്റെ കരുത്ത് ഞങ്ങൾക്കറിയാം.” സഞ്ജു പറഞ്ഞു
എന്തായാലും സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്റ്സ്മാനും ഇംപാക്ട് പ്ലെയറുമായി മാത്രം കളിച്ച സഞ്ജു സാംസൺ, ഇന്ന് മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി തിരിച്ചെത്തും. വിരലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സാംസണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറായിട്ടും നായകൻ ആയിട്ടും കളിക്കാൻ നാഷണൽ ക്രിക്കറ്റ് അക്കാദമി അനുമതി നൽകി.
“സത്യം പറഞ്ഞാൽ, ഞാൻ അൽപ്പം അത്ഭുതപ്പെട്ടു. മൂന്ന് മത്സരങ്ങൾ മാത്രമേ നഷ്ടമാകു എന്നത് ഉള്ളതിനാൽ അത് വേഗം കടന്നുപ്പോകുമെന്ന് ഞാൻ കരുതി. എന്നാൽ മൂന്ന് മത്സരങ്ങൾ നഷ്ടമായപ്പോൾ, ഞാൻ സ്വയം നിയന്ത്രിക്കുകയും കളിയെ വ്യത്യസ്തമായ ഒരു വീക്ഷണകോണിൽ നിന്ന് കാണുകയും ചെയ്തു. അതിനാൽ, അത് അൽപ്പം വ്യത്യസ്തമായ ഒരു പഠനാനുഭവമായിരുന്നു… ഡഗ്-ഔട്ടിൽ ഇരുന്ന് എന്റെ സഹോദരന്മാർ അവിടെ പോരാടുന്നത് കാണുക എന്നത് പുതിയ അനുഭവം ആയിരുന്നു. സത്യം പറഞ്ഞാൽ, തിരിച്ചെത്തിയതിലും വിക്കറ്റ് കീപ്പർ ആകാനും ബാറ്റ് ചെയ്യാനും പൂർണ്ണമായും ഫിറ്റാകാൻ കഴിഞ്ഞതിലും ഞാൻ വളരെ ആവേശത്തിലാണ്, ”സാംസൺ പറഞ്ഞു.
സാംസൺ ഇംപാക്ട് സബ് ആയിരുന്നപ്പോൾ, റിയാൻ പരാഗ് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ റോയൽസിനെ നയിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും യഥാക്രമം 44 റൺസിനും എട്ട് വിക്കറ്റിനും പരാജയപ്പെട്ട ടീം, ഗുവാഹത്തിയിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ആറ് റൺസിന് വിജയിച്ചു.
എന്തായാലും സഞ്ജു എന്ന നായകൻ എന്ത് മാജിക്ക് സീസണിൽ കാണിക്കും എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.