ഐപിഎലില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ശ്രേയസ് അയ്യരുടെ പഞ്ചാബ് കിങ്‌സും തമ്മിലുളള പോരാട്ടം ഇന്നാണ്. എപ്പോള്‍ ഏറ്റുമുട്ടിയാലും ഒരു എല്‍ക്ലാസിക്കോ ഫീല്‍ ആരാധകര്‍ക്ക് നല്‍കാറുളള ടീമുകളാണ് രാജസ്ഥാനും പഞ്ചാബും. മുന്‍വര്‍ഷങ്ങളിലെല്ലാം തന്നെ രണ്ട് ടീമുകളും പോരടിച്ചപ്പോള്‍ ത്രില്ലിങ് മാച്ചുകളാണ് ഉണ്ടായത്. പഞ്ചാബ് കിങ്‌സിനെതിരെ സഞ്ജു സാംസണും പലപ്പോഴും തിളങ്ങിയ മത്സരങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് 2021ല്‍ പഞ്ചാബിനെതിരെ സഞ്ജു അടിച്ചുകൂട്ടിയ 119 റണ്‍സ്. അന്ന് ആദ്യ ബാറ്റിങ്ങില്‍ 221 റണ്‍സാണ് കെഎല്‍ രാഹുല്‍ നായകനായിരുന്ന പഞ്ചാബ് രാജസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. രാഹുല്‍ 91 റണ്‍സെടുത്ത് ടോപ്‌സ്‌കോററായ മത്സരത്തില്‍ ദീപക് ഹൂഡ 64 റണ്‍സും ക്രിസ് ഗെയ്ല്‍ 40 റണ്‍സും ടീം ടോട്ടലിലേക്ക് ചേര്‍ത്തു.
മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന് ഓപ്പണര്‍ ബെന്‍ സ്റ്റോക്‌സിനെ തുടക്കത്തിലെ നഷ്ടമായത് തിരിച്ചടിയായി. സ്‌റ്റോക്‌സിന് പുറമെ മറ്റൊരു ഓപ്പണര്‍ മനന്‍ വോറയും പുറത്തായതോടെ രാജസ്ഥാന്‍ 25/2 എന്ന നിലയിലായി. എന്നാല്‍ സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചതോടെ രാജസ്ഥാന്‍ സ്‌കോര്‍ മുന്നോട്ടുകുതിച്ചു. 63 പന്തുകളില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെയായിരുന്നു സഞ്ജുവിന്റെ അന്നത്തെ സെഞ്ച്വറി നേട്ടം. ജോസ് ബട്‌ലര്‍(25), ശിവം ദുബെ(23), റിയാന്‍ പരാഗ്(25) എന്നിവരും സഞ്ജുവിന് പിന്തുണ നല്‍കി.
Read more
തുടക്കം മുതല്‍ അവസാനം വരെ സഞ്ജു സാംസണിന്റെ ഇന്നിങ്‌സിലൂടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. എന്നാല്‍ ഇന്നിങ്‌സിന്റെ അവസാന പന്തില്‍ അര്‍ഷ്ദിപ് സിങിനെ സിക്‌സിനായി പറത്തിയ സഞ്ജുവിന്റെ ശ്രമം പാളുകയായിരുന്നു. ലോങ് ഓണില്‍ ദീപക് ഹൂഡ താരത്തിന്റെ ക്യാച്ചെടുത്തു. മത്സരത്തില്‍ അര്‍ഹിച്ച വിജയം ആ ഒരു ഷോട്ടിലൂടെ രാജസ്ഥാന്‍ റോയല്‍സിന് നഷ്ടമായി. മത്സരഫലം എന്തായാലും കാണികള്‍ക്ക് വലിയ കാഴ്ചവിരുന്നാണ് രാജസ്ഥാന്‍, പഞ്ചാബ് ടീമുകള്‍ അന്ന് നല്‍കിയത്.