വീണ്ടും വിസ്മയം സൃഷ്ടിക്കാൻ കമൽഹാസൻ; ഇന്ത്യൻ 2 വമ്പൻ അപ്ഡേറ്റ്, ഇൻട്രോ പുറത്തുവിട്ട് പ്രമുഖ താരങ്ങൾ

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിസ്മയ ചിത്രങ്ങളിൽ ഒന്നാണ് കമൽ ഹാസൻ നായകനായെത്തുന്ന ഇന്ത്യൻ 2. ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഇൻട്രോവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങൾ. മോഹന്‍ലാല്‍, രജനികാന്ത്, രാജമൗലി, ആമിർ ഖാൻ കിച്ച സുദീപ് എന്നിവരാണ് ഇൻട്രോ പുറത്തിറക്കിയത്.

അഴിമതിക്കെതിരെ വീണ്ടും ഇന്ത്യൻ എന്നാണ് ഇന്‍ട്രോ വീഡിയോയിൽ പറയുന്നത്. വീണ്ടുമൊരി ഷങ്കർ മാജിക് സ്കീനിൽ കാണാൻ കഴിയുമെന്നാണ് വീഡിയോ കണ്ട ആരാധകരുടെ പ്രതീക്ഷ. ഉലകനായകൻ കമൽ ഹാസൻ ഇത്തവണയും റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നും വീഡിയോ സൂചിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ മൺമറഞ്ഞ നടൻ നെടുമുടി വേണു, അന്തരിച്ച തമിഴ് നടന്‍ വിവേകും ഇന്ത്യന്‍ 2വില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ഭാഗങ്ങള്‍ കട്ട് ചെയ്യില്ലെന്ന് നേരത്തെ തന്നെ ഷങ്കര്‍ അറിയിച്ചിരുന്നു.

200 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. കാജല്‍ അഗര്‍വാള്‍ ആണ് നായിക. വിദ്യുത് ജമാല്‍ ആണ് വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.സംഘട്ടനം ഒ പീറ്റര്‍ ഹെയ്ന്‍ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്.   ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

1996-ൽ പുറത്തിറങ്ങിയ “ഇന്ത്യൻ” കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. ഇന്ത്യയിലെ പ്രഗത്ഭരായ സംവിധായകനും നടനുമായി ഷങ്കറും കമലും വളർന്നതിൽ വലിയ പങ്കു വഹിച്ച സിനിമയായിരുന്നു ‘ഇന്ത്യൻ’.ചിത്രം വന്‍ പ്രേക്ഷക സ്വീകര്യത നേടുന്നതിനൊപ്പം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർ വീണ്ടും ഒന്നിച്ചു “ഇന്ത്യൻ 2” ഒരുക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ആവേശത്തോടെയായിരുന്നു സ്വീകരിച്ചത്.

200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 ഏപ്രിൽ 14 നു സിനിമ തിയേറ്ററുകളിൽ എത്തും. തമിഴ് പുതുവർഷ ദിവസമായതു കൊണ്ടാണ് റിലീസിനായി ആ ദിവസം തിരഞ്ഞെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.