ബോട്ടോക്‌സ് അഭ്യൂഹത്തിന്റെ കാലം കഴിഞ്ഞു; പഴയ ലാലേട്ടന്‍ തിരിച്ചെത്തി മക്കളേ; താടി വടിച്ചതിന്റെ കാരണം വ്യക്തമാക്കി മോഹന്‍ലാല്‍

ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് ശേഷം മലയാളത്തിന്റെ സ്വന്തം അഭിനയ കുലപതി മോഹന്‍ലാല്‍ താടിയില്ലാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒടിയന്‍ എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാല്‍ സ്ഥിരമായി താടി ലുക്കില്‍ എത്തിത്തുടങ്ങിയത്.

ഒടിയനില്‍ ലാലിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ബോട്ടോക്‌സ് ചികിത്സയ്ക്ക് വിധേയമായെന്നും അതിന് ശേഷം സ്വാഭാവിക സൗന്ദര്യം താരത്തിന് നഷ്ടമായെന്നും അതിനാലാണ് താടി വളര്‍ത്തിയതെന്നും ഇതോടകം വലിയ പ്രചാരമുണ്ടായിരുന്നു. ഇനി ഒരിക്കലും ലാലേട്ടനെ പഴയ രൂപത്തില്‍ കാണാനാകില്ലെന്ന ആരാധകരുടെ ആശങ്കയ്ക്കാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.

ഒടിയന് ശേഷം താരത്തെ പിന്നീട് ഒരിക്കലും താടിയില്ലാതെ കാണാന്‍ ആരാധകര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നിറങ്ങിയ എല്ലാ സിനിമകളിലും മോഹന്‍ലാലിന് താടി ഉണ്ടായിരുന്നു. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബറോസിലും ഇനി റിലീസ് ചെയ്യാനിരിക്കുന്ന തുടരും എമ്പുരാന്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ലാലിനെ താടിയില്‍ കാണാം.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് വേണ്ടിയാണ് താടി മാറ്റാത്തത് എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി. ഇപ്പോഴിതാ എമ്പുരാന്‍ തിയേറ്ററില്‍ എത്തുന്നതിന് മുമ്പുകന്നെ താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബഹ്‌റിന്‍ സര്‍ക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് പുത്തന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത്.

പരിപാടി നടന്ന ടാഗോര്‍ തിയേറ്ററില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോഹന്‍ലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ഹൃദയതാളം എന്ന ചിത്ര ത്തില്‍ ഈ ലുക്കിലാകും താരം എത്തുക എന്നാണ് റിപ്പോര്‍ട്ട്. എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.