ബൈബിളിൽ പറയുന്ന “ദാവീദിന്റെ താക്കോൽ” അധികാരത്തിന്റെ.. മോക്ഷത്തിന്റെ.. പുണ്യത്തിന്റെ ഒക്കെ പ്രതീകമാണ്…ഒരുപാടു ദുരൂഹതകൾ നിറഞ്ഞ ആ താക്കോൽ തന്നെയാണ് കിരൺ പ്രഭാകറിന്റെ പുതിയ സിനിമ താക്കോലിനെയും മുന്നോട്ട് നയിക്കുന്നത്.
രണ്ടു വൈദികർ തമ്മിൽ ഉള്ള ആഴമുള്ള ബന്ധത്തിലൂടെ മനസിന്റെ, ഭക്തിയുടെ, ജീവിതത്തിന്റെ തന്നെ താക്കോലുകൾ സിനിമ കാണികൾക്ക് മുമ്പിൽ വെയ്ക്കുന്നു. മുരളി ഗോപിയുടെ കരിയറിലെ വളരെ ശക്തമായ കഥാപാത്രമാണ് താക്കോലിലെ മാങ്കുന്നത്തച്ചൻ. അദ്ദേഹത്തിലെ നടനെ നന്നായി ചൂഷണം ചെയ്ത ആ കഥാപാത്രത്തെ കുറിച്ച്, താക്കോലിനെ കുറിച്ച് മുരളി ഗോപി സംസാരിക്കുന്നു.
താക്കോലിന്റെ” ഭാഗമാകാൻ തീരുമാനിക്കുന്നത്…
ഒരു കൈപ്പുണ്യമുള്ള എഴുത്തുകാരന്റെ സാന്നിദ്ധ്യം ഉള്ള തിരക്കഥ ആയി തോന്നി താക്കോൽ. കിരൺ ഒരു നല്ല എഴുത്തുകാരൻ ആണ്. ഇത് വരെ പറയാത്ത ഒരു കഥയും ആയി തോന്നി താക്കോലിന്റെത്. ക്രിസ്ത്യാനിറ്റിയെ പറ്റിയും വൈദിക ജീവിതത്തെ പറ്റിയും ഒക്കെ പറയുന്ന സിനിമകൾ മുന്നേയും വന്നിട്ടുണ്ട്. പക്ഷെ താക്കോൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമായി തോന്നി. ക്രിസ്ത്യാനിറ്റി ഉള്ളിലേക്കുള്ള ഒരു നോട്ടം കൂടിയാണ്. അത്തരം, അവനവന്റെ ഉള്ളറകളിലേക്കുള്ള , താക്കോലിനെ കുറിച്ച് പറയുന്ന സിനിമ കൂടിയാണിത്. . ദാവീദിന്റെ താക്കോൽ എന്ന് പറയുന്ന ക്രിസ്തീയ സങ്കൽപം തന്നെ അതാണ്. ആ അറിവ് ഈ സിനിമയിൽ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഒരു നടൻ എന്ന രീതിയിൽ ഒരുപാട് ആഴമുള്ള കഥാപാത്രമാണ് മാങ്കുന്നത്തച്ചൻ. ഒരുപാട് ലയറുകൾ ഉള്ള കഥാപാത്രമാണത്.
അങ്ങനെയാണ് താക്കോൽ ചെയ്യാൻ തീരുമാനിച്ചത്.
വൈദിക വേഷത്തിലെത്തുമ്പോൾ…
ഞാൻ ഇതിനു മുമ്പ് വൈദിക വേഷത്തിലെത്തുന്നത് കെ ആർ മനോജിന്റെ “കന്യക ടാക്കീസിലാണ്.”വളരെ ആഴമുള്ള സിനിമയായിരുന്നു അതും. അത് താക്കോലിൽ നിന്നും തീർത്തും വ്യത്യസ്തമായ വൈദിക വേഷമാണ്. വളരെ ഭീരുവായ, സാധുവായ അച്ചൻ ആണ് കന്യക ടാക്കീസിലേത്. അയാളുടെ മനസ് അയാൾക്ക് നേരെ തിരിയുമ്പോൾ വിരണ്ടു പോകുന്ന ഒരാൾ ആണ്. അതിന്റെ നേർവിപരീതമാണ് മാങ്കുന്നത്തച്ചൻ. അയാൾ ഒട്ടും മയമില്ലാത്ത ആളാണ്. ഒരു സ്പെക്ട്രത്തിന്റെ തന്നെ രണ്ടറ്റങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ എന്ന് പറയാം. സെമിനാരികളിലും വൈദികവൃത്തിയിലും ഒക്കെ നടക്കുന്ന ആത്മീയതയുടെയും മനഃശാസ്ത്രത്തിന്റെയും ഒക്കെ ഒരു പ്ലേ ഉണ്ട്. ഇത് നടക്കുന്നത് ഓരോരുത്തരുടെയും ഉള്ളിലും തമ്മിൽ തമ്മിലുമാണ്. .ഇതിനെ മനോഹരമായി അടയാളപ്പെടുത്തുന്നുണ്ട് താക്കോലും മാങ്കുന്നത്ത് പൈലിയുമൊക്കെ.
മാങ്കുന്നത്ത് പൈലിയും, ആംബ്രോസും തമ്മിലുള്ള ബന്ധമാണ് താക്കോലിന്റെ കാതൽ. ഒരുപാട് ആഴമുള്ള, അടരുകൾ ഉള്ള, മലയാള സിനിമ ഇത് വരെ പറയാത്ത തരം ഒരു ബന്ധമായി അത് തോന്നി.അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്.?
മാങ്കുന്നത്തച്ചൻ ഒരു ഫാദർ ഫിഗർ ആയാണ്, പാട്രിയാർക്കൽ ഫിഗർ ആയാണ് സിനിമയിൽ നിൽക്കുന്നത്. ഈ സിനിമ ഒരുപാടു ചോദ്യങ്ങൾ ബാക്കി വെയ്ക്കുന്നുണ്ട്. അതൊരു മനോഹരമായ, ക്രിയാത്മകമായ ബാക്കി വെയ്ക്കലുമാണ്. ആംബ്രോസിന്റെ കുഞ്ഞുനാൾ മുതൽ എന്തിനാണ് മാങ്കുന്നത്തച്ചൻ അയാളെ ഇത്രയധികം തീവ്രതയോടെ സംരക്ഷിക്കുന്നത്.? എന്താണ് അയാൾക്ക് ഇത്രയും സ്നേഹം.?അത് പോലെ തന്നെ ക്ലമന്റ് എന്തിനാണ് ആ താക്കോൽ ആംബ്രോസിനെ ഏൽപ്പിക്കുന്നത്..? ഇങ്ങനെ ഒരുപാട് ഉത്തരം അടച്ചിട്ട മുറികളിലേക്കുള്ള താക്കോൽ ആ സിനിമയിലുണ്ട്. അത് തന്നെയാണ് ആ സിനിമയുടെ സൗന്ദര്യവും. കിട്ടിയ താക്കോലുകൾ കൊണ്ട് ഏതു മുറി തുറക്കണം എന്ന ആശയക്കുഴപ്പത്തിലാണ് ആംബ്രോസ് മുഴുവൻ സമയവും. അയാൾക്ക് കിട്ടുന്നത് മനസിന്റെ താക്കോൽ ആണോ ജ്ഞാനത്തിന്റെ താക്കോൽ ആണോ ജീവിതത്തിന്റെ താക്കോൽ ആണോ എന്ന് അവസാനം വരെ പറയുന്നില്ല എന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. ഇവർ തമ്മിലുള്ള ബന്ധവും അത് പോലൊരു പ്രഹേളിക ആണ്. എന്താണ് ആ ബന്ധത്തിന് പുറകിലെ ക്രക്സ് അല്ലെങ്കിൽ കാതൽ എന്നുള്ളതാണ് സിനിമ ചർച്ച ചെയ്യുന്നത്. വാക്കുകൾക്കിടയിൽ വായിക്കപ്പെടേണ്ട പറയാതെ പറഞ്ഞു പോകുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ട് ഈ സിനിമയിൽ. അങ്ങനെ താക്കോൽ സിനിമ എന്ന കലയുടെ മനോഹരമായ ഒരു ധർമ്മം നിർവഹിക്കുന്നു. വാക്കുകൾക്കിടയിൽ വായിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകളാണ് എനിക്ക് വ്യക്തിപരമായി ഇഷ്ടം. അങ്ങനെ ഒരു സിനിമയാണ് താക്കോൽ. അത്യന്തം കൈയടക്കത്തോടെ കിരൺ അത് ചെയ്തിട്ടും ഉണ്ട്.
മാങ്കുന്നത്തച്ചന്റെ ശക്തമായ യൗവ്വനകാലം മുതൽ അവശവാർദ്ധക്യം വരെയുള്ള കാലം അവതരിപ്പിക്കാൻ മാനസികമായി വെല്ലുവിളി ഉണ്ടായോ.?
നിങ്ങൾ ഒരു കഥാപാത്രത്തിലേക്ക് ഇറങ്ങിയാൽ പിന്നെ നിങ്ങളെ നയിക്കുന്നത് ആ കഥാപാത്രമാവും. അത് അങ്ങനെ ആവണം എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. അങ്ങനെ ആകുമ്പോൾ മാത്രമേ നല്ല പ്രകടനങ്ങൾ ഉണ്ടാകൂ. പിന്നെ ബുദ്ധിമുട്ടുകൾ സ്വാഭാവികമായും ഉണ്ടാകും. നമ്മൾ അതിനെ മനസിലാക്കിയാൽ ആ സ്‌ട്രെയിൻ സന്തോഷം തരുന്ന ഒന്നാണ്. നമ്മളെ മനസിലാക്കുന്ന എഴുത്തുകാരും സംവിധായകരും ഉണ്ടെങ്കിൽ ആ സ്ട്രെയിൻ ഒന്നുകൂടി എളുപ്പത്തിൽ മറികടക്കാനാകും.ഞാൻ ആ ബുദ്ധിമുട്ടിനെ വളരെയധികം ആസ്വദിക്കുന്ന, സ്നേഹിക്കുന്ന ഒരാൾ ആണ്
താക്കോലിന്റെ ക്യാമറയും, ലൊക്കേഷനുകളും ഒക്കെ സിനിമയുടെ മൂഡിനോട് വളരെയധികം ചേർന്ന് നിന്നു…
വളരെ ശരിയാണ്. ആൽബിയുടെ വളരെ ശ്രദ്ധേയമായ ക്യാമറ വർക്ക് ആണ് താക്കോലിന്റെത്. അന്തർദേശീയ നിലവാരമുള്ള ഒന്ന് എന്ന് പറയാം. ഇതിൽ ഉപയോഗിച്ചിട്ടുള്ള ടോണുകൾ, ആംഗിളുകൾ ഒക്കെ വേൾഡ് ക്ലാസ്സ് സിനിമാട്ടോഗ്രഫി നിലവാരമുള്ളവയാണ്. അത് പോലെ തന്നെയാണ് ഇതിന്റെ എഡിറ്റിങ്ങും. യാതൊരു വിധ ഗിമ്മിക്കുകളും ഇല്ലാത്ത എഡിറ്റിംഗ് ആണ് സിനിമയുടേത്. ഈ സിനിമക്ക് കിട്ടുന്ന അംഗീകാരത്തിന്റെ വലിയ പങ്ക് എഡിറ്റർ സിയാൻ ശ്രീകാന്തിനും ഉള്ളതാണ്.
സിനിമയെ പറ്റിയുള്ള പൊതുജനങ്ങളുടെ താത്പര്യങ്ങൾ പ്രത്യേക ചേരുവകൾ ചേർന്ന ഒന്നാണെന്നൊരു പൊതുബോധം ഉണ്ട്. താക്കോൽ അതിൽ നിന്നു മാറി നിൽക്കുന്ന സിനിമയാണ്. അത് ഒരു വെല്ലുവിളി ആണെന്ന് തോന്നിയോ.?
ഇല്ല . ഇവിടെ രണ്ടു തരം സിനിമകളുണ്ട്, എന്റർടൈൻമെന്റിൽ ഊന്നിയുള്ള സിനിമകളും, സെൽഫ് അസർട്ടീവ് (self assertive) ആയ സിനിമകളും. താക്കോൽ തീർച്ചയായും രണ്ടാമത്തെ ഗണത്തിൽ പെട്ട സിനിമയാണ്. എന്റർടൈൻമെന്റ് ഊന്നിയുള്ള സിനിമ അല്ല. അതിൽ ഉള്ള എന്റർടൈൻമെന്റ് ആളുകൾക്ക് ഇഷ്ടപ്പെട്ടാൽ അത്രയും നല്ലത്, അത്രേ ഉള്ളൂ…അത്തരം സിനിമകൾക്കും അതിന്റെതായ ഇടമുണ്ട്. അങ്ങനെ ഉണ്ടാവും താക്കോലിനും എന്ന് തന്നെയാണ് പ്രതീക്ഷ.
തിയേറ്ററുകൾ പക്ഷെ ഇത്തരം പൊതുബോധങ്ങൾക്ക് പുറകെ അല്ലെ.?
അങ്ങനെയൊന്നുമില്ല..ഒരു തിരക്കഥാകൃത്ത് എന്ന നിലയിൽ ഞാൻ എല്ലാ യോണറിലും എഴുതിയിട്ടുണ്ട്. ഫീൽ ഗുഡ് സിനിമകളും, തീവ്രമായ സിനിമകളും, കൊമേർഷ്യൽ പരീക്ഷണങ്ങളും, മുഴുവനായും കൊമേർഷ്യൽ ആയ സിനിമകളും ഒക്കെ ചെയ്തിട്ടുണ്ട്. അവയ്ക്കൊക്കെ ഇടം ഉണ്ട് എന്ന് തന്നെയാണ് കരുതുന്നത്.
താക്കോൽ പോലെ മെറ്റാ ഫിസിക്കൽ ആയി സംസാരിക്കുന്ന സിനിമകൾ മലയാളത്തിൽ കുറവാണ്. അതിന്റെ കാരണത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.?
Read more
ഇവിടെ ഒരുപാടു തെറ്റിദ്ധാരണകൾ ഉള്ളത് പോലെയാണ് തോന്നിയിട്ടുള്ളത്. റിയാലിസ്റ്റിക്ക് ആയ കാര്യങ്ങൾ ഡോക്യുമെന്റ് ചെയ്യുന്നത് മാത്രമാണ് സിനിമ എന്ന് വിശ്വസിക്കുന്ന വലിയ വിഭാഗം നിരൂപകരും ഇവിടെ ഉണ്ട്. സിനിമയിൽ ഫാന്റസിയുടെയോ ആത്മീയതയുടെയോ അടരുകൾ വന്നാൽ ഒട്ടും മനസിലാക്കാൻ ശ്രമിക്കാത്തവരും ഉണ്ട്. പക്ഷെ ഒരു നല്ല സിനിമയിൽ ആത്മീയതയുടെ അടക്കം എല്ലാം എലമെൻറ്സും ഉണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ എല്ലാ സിനിമകൾക്കും അംഗീകാരം കൊടുത്താൽ മാത്രമേ ഇവിടെ സിനിമ എന്ന കല ഒരു സംസ്കാരത്തിന്റെ ഭാഗമായി വളരുകയുള്ളു.