എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിൽ വെച്ച് ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ പാടാൻ അനുവദിക്കാതെ മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ ധാർഷ്ട്യത്തിന് മലയാളികൾ ഒന്നടങ്കം സാക്ഷികളായതാണ്.
എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നത് പ്രബുദ്ധ, സാക്ഷര മലയാളികളെ സംബന്ധിച്ച് തികച്ചും അമ്പരപ്പുണ്ടാക്കുന്ന ഒരു കാര്യമാണ്. അതും ജനാധിപത്യബോധ്യങ്ങൾ വിദ്യാർഥികൾക്ക്, വളർന്നു വരുന്ന ഒരു തലമുറയ്ക്ക് പകർന്നു നൽകേണ്ട അധ്യാപികയിൽ നിന്നും ഇങ്ങനെയൊരു പ്രവൃത്തി ഉണ്ടാവുമ്പോൾ, അധ്യാപികയ്ക്ക് പറ്റിയ ഒരു കയ്യബദ്ധമായി ചുരുക്കാതെ തീർച്ചയായും അതിന്റെ കാര്യ കാരണങ്ങൾ ചർച്ചചെയ്യപ്പെടേണ്ട ഒന്ന് തന്നെയാണ്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ കോളേജ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ജാസി ഗിഫ്റ്റിനൊപ്പം പാടാനെത്തിയ സജിന്‍ ജയരാജ് എന്ന ഗായകനെ പ്രിന്‍സിപ്പല്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാസി പാട്ട് പൂര്‍ത്തിയാക്കാതെ വേദി വിട്ടത്. പാട്ടു പാടുന്നതിനിടയിലാണ് പ്രിന്‍സിപ്പല്‍ വേദിയിലേക്ക് എത്തിയത്.
അതിന് ശേഷം, ജാസി ഗിഫ്റ്റ് മാത്രം പാട്ട് പാടിയാല്‍ മതിയെന്നും കൂടെയുള്ള ആളെ പാടാന്‍ അനുവദിക്കില്ലെന്നും ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിക്കൊണ്ട് പ്രിൻസിപ്പൽ അറിയിച്ചു. തുടര്‍ന്നാണ് ജാസി ഗിഫ്റ്റ് വേദി വിടുന്നത്.
‘എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേള്‍ക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷര്‍ട്ടൂരി തലയ്ക്ക് മുകളില്‍ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി’ എന്ന ഗായകൻ ജി. വേണുഗോപാലിന്റെ നിരീക്ഷണം വളരെ കൃത്യമാണ്.
ജാസി ഗിഫിറ്റിനോളം യുവാക്കൾക്കിടയിൽ ഇത്രത്തോളം ഓളമുണ്ടാക്കിയ സംഗീത സംവിധായകർ മലയാളത്തിൽ വളരെ കുറവാണ്. ‘ഫോർ ദി പീപ്പിൾ’ എന്ന ജയരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ആൽബം ഇന്നും മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ്. ലജ്ജാവതിയും അന്നക്കിളിയും കേട്ടാൽ ഇരിപ്പുറക്കാത്ത മലയാളികളാണ് ഭൂരിപക്ഷം പേരും.
ഫോർ ദി പീപ്പിളിലൂടെ ജനപ്രിയ സംഗീതത്തിലെ ഒരു വിപ്ലവമാണ് ജാസി ഗിഫ്റ്റ് സൃഷ്ടിച്ചെടുത്തത്.
മലയാളികൾ അതുവരെ കേട്ടുശീലിച്ച ഗൃഹാതുര സംഗീതപ്രേമത്തെ കവച്ചുവെക്കുന്ന, അല്ലെങ്കിൽ വെല്ലുവിളിക്കുന്ന ഒരു സംഗീതം നിർമ്മിച്ചെടുക്കുകയും, അതിൽ വിജയിക്കുകയും ചെയ്ത സംഗീതജ്ഞൻ കൂടിയാണ് ജാസി ഗിഫ്റ്റ്.
വെറും തട്ടുപൊളിപ്പൻ പാട്ടുകൾ മാത്രം ചെയ്യുന്ന ആളാണ് ജാസി എന്ന മുൻവിധിയെ തിരുത്തികുറിക്കുന്നതാണ് ജാസി ഗിഫ്റ്റ് സംഗീതം നൽകിയ എണ്ണം പറഞ്ഞ മെലഡികൾ. ജാസി ഗിഫ്റ്റിന്റെ സംഗീതത്തിന് ആറ് മാസം മാത്രമേ ആയുസൊളളൂ എന്നെഴുതിയ സാംസ്കാരിക നായകൻ എം. എൻ കാരശ്ശേരിയെ പോലെയുള്ളവരുടെ വിമർശനമെന്ന് പോലും വിളിക്കാൻ കഴിയാത്ത ചില വാക്കുകൾക്ക് പോലും ജാസി തന്റെ തുടക്കകാലത്ത് മറുപടി പറഞ്ഞിട്ടില്ല.
പക്ഷേ കോലഞ്ചേരി കോളേജിലെ വിഷയത്തിൽ ജാസി ഗിഫ്റ്റ് പ്രതികരിച്ചു. അത് സ്റ്റേജിൽ വെച്ചുള്ള കേവലം വൈകാരിക വിക്ഷോപങ്ങളോ മറ്റോ ഒന്നുമായിരുന്നില്ല. വളരെ പക്വമായ മാതൃകയാക്കേണ്ട പ്രതികരണമാണ് ജാസി ഗിഫ്റ്റ് നടത്തിയത്.
“ഇതൊരു പെയ്ഡ് പരിപാടിയാണെന്നും ഇത് ഇവിടെ അനുവദിക്കില്ല എന്നുമായിരുന്നു മൈക്കിലൂടെ അവര്‍ വിളിച്ചു പറഞ്ഞത്. തന്റെ ഇത്രയും നാളത്തെ കരിയറില്‍ ഇങ്ങനെയൊരു അപമാനം നേരിട്ടിട്ടില്ല. ഞാന്‍ എന്ന ഭാവത്തോടെയായിരുന്നു അവര്‍ പെരുമാറിയത്. ഗായകന്‍ എന്നതിലുപരി അവരെപ്പോലെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് താനും. പരിപാടിയില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ പാട്ട് തുടങ്ങുന്നതിനുമുമ്പോ അല്ലെങ്കില്‍ പാടിക്കകഴിഞ്ഞോ അവര്‍ക്ക് പറയാമായിരുന്നു.
അല്ലാതെ ഒരാള്‍ പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഏറ്റവും വലിയ തമാശ പാട്ട് പാടുന്നതിന്, പരിപാടിയില്‍ എന്നെ സ്വാഗതം ചെയ്തത് അവരായിരുന്നു.” എന്നാണ് ജാസി ഗിഫ്റ്റ് പ്രസ്തുത വിഷയത്തിൽ തന്റെ പ്രതികരണമറിയിച്ചത്.
ഇത് തനിക്കൊരു അപമാനമായി എന്ന് പറയുന്നിടത്ത് തന്നെയാണ് ആ കോളേജ് പ്രിൻസിപ്പൽ തുരുത്തൽ നടത്തേണ്ടത്. യേശുദാസോ, ജയചന്ദ്രനോ, ചിത്രയോ, സുജാതയോ ഒക്കെ ആയിരുന്നുവെങ്കിൽ പ്രിൻസിപ്പൽ ഇങ്ങനെ തന്നെ പെരുമാറുമായിരുന്നോ എന്നതാണ് ഈ പ്രശ്നവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന പ്രധാന വിമർശനം. ജാസി ഗിഫ്റ്റിന് പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ തീർച്ചയായും പ്രിൻസിപ്പൽ ഇത്തരമൊരു നടപടിക്ക് മുൻപ് രണ്ടാമതൊന്ന് ചിന്തിച്ചേനെ.
View this post on Instagram
Read more
ഒരുപക്ഷേ സംഗീതമെന്ന മേഖല തിരഞ്ഞെടുക്കാതെ അധ്യാപനത്തിലേക്കാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടിയ ജാസി ഗിഫ്റ്റ് പോയിരുന്നതെങ്കിൽ, അദ്ധേഹമൊരിക്കലും കോലഞ്ചേരി കോളേജിലെ പ്രിൻസിപ്പലിനെ പോലെയാവുമായിരുന്നില്ല എന്നതാണ് വാസ്തവം. ജാസി ഗിഫ്റ്റ് ഇനിയും മലയാളത്തിലടക്കം സകല ഭാഷകളിലും പാട്ടുകൾ ചെയ്യും, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് ജനങ്ങൾ അതെല്ലാം ഏറ്റെടുക്കുകയും ചെയ്യും. അപ്പോഴും കോലഞ്ചേരിയിലെ അധ്യാപകരെ പോലെയുള്ളവർ ഇതുപോലെ തുടർന്നുകൊണ്ടേയിരിക്കും.