ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

സംഗീതാസ്വാദകര്‍ ഹൃദയത്തോട് ചേര്‍ത്ത ഭാവഗായകന്‍ ഇനി ഓര്‍മ്മ. പാലിയം ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് പി ജയചന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. മകന്‍ ദിനനാഥന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ചിതയ്ക്ക് തീ കൊളുത്തി. മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ഇന്നലെ രാവിലെ 9.30ന് ആണ് വീട്ടിലെത്തിച്ചത്.

ഇന്നലെ രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്‌നിലെ വീട്ടിലും (മണ്ണത്ത് ഹൗസ്) തുടര്‍ന്ന് ഉച്ചവരെ സംഗീതനാടക അക്കാദമി റീജനല്‍ തിയറ്ററിലുമായിരുന്നു പൊതുദര്‍ശനം. അതിനുശേഷം മൃതദേഹം തിരികെ മണ്ണത്ത് വീട്ടിലെത്തിച്ചു. ഇന്നു രാവിലെ എട്ടിന് അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനമുണ്ടായിരുന്നു.

അതേസമയം, ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളില്‍ പാടുകയും റെക്കോര്‍ഡിംഗിന് പോവുകയും ചെയ്യണം എന്നാണ് ജയചന്ദ്രന്‍ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത് എന്ന് ഗായകന്‍ ബിജു നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് പി ജയചന്ദ്രന്റെ അന്ത്യം.

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം അഞ്ച് തവണ നേടി. 2021 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിരവധി ശനങ്ങള്‍ ആലപിച്ചിട്ടുണ്ട്.