ജയേട്ടന്‍ അത്യന്തം അവശതയില്‍, രക്ഷപ്പെടുമോ എന്ന് ചോദിച്ച് കോളുകള്‍! ഗുരുതര രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് ഇത്ര നിര്‍ബന്ധം; കുറിപ്പുമായി രവി മേനോന്‍

ഗായകന്‍ പി ജയചന്ദ്രന്‍ ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഗാന രചയിതാവ് രവി മേനോന്‍. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണെന്നും എന്നാല്‍ ഗുരുതര രോഗിയാണെന്ന് വരുത്തി തീര്‍ക്കാന്‍ എന്താണ് ഇത്ര നിര്‍ബന്ധമെന്നും രവി മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരത്തില്‍ നിരവധി ഫോണ്‍ കോളുകള്‍ നിരന്തരം വരുന്നുണ്ടെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ജയചന്ദ്രന്‍ അവശതയിലാണെന്ന് പറഞ്ഞു കൊണ്ടുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുഖമായിരിക്കുന്നുവെന്ന് അറിയിച്ച് രവി മേനോന്‍ എത്തിയത്.

രവി മേനോന്റെ കുറിപ്പ്:

ആരോഗ്യപ്രശ്‌നങ്ങളുണ്ട്; ശരിതന്നെ. പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും ആസന്നമരണനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിര്‍ബന്ധം? അതില്‍ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ലഭിക്കുക? പുലര്‍ച്ചെ വിളിച്ചുണര്‍ത്തിയത് അമേരിക്കയില്‍ നിന്നുള്ള ഫോണ്‍ കോളാണ്. ‘നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേള്‍ക്കുന്നു. രക്ഷപ്പെടുമോ?’ – വിളിച്ചയാള്‍ക്ക് അറിയാന്‍ തിടുക്കം. കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു അദ്ദേഹത്തെ. ‘കുറച്ചു കാലമായി ചികിത്സയിലാണ് എന്നത് സത്യം തന്നെ.

ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നുമില്ല അദ്ദേഹത്തിന്. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നു. പാട്ടുകള്‍ കേള്‍ക്കുന്നു. രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു.’ അമേരിക്കക്കാരന് എന്നിട്ടും ബോധ്യം വരുന്നില്ല. ‘അപ്പോള്‍ പിന്നെ വാട്‌സാപ്പില്‍ അയച്ചുകിട്ടിയ ഫോട്ടോയോ? അത്യന്തം അവശനിലയിലാണല്ലോ അദ്ദേഹം?’

malayalam playback singer p jayachandran's fake health news spread in social media

രണ്ടു മാസം മുമ്പ് ഏതോ ‘ആരാധകന്‍’ ഒപ്പിച്ച വേല. ആശുപത്രി വാസം കഴിഞ്ഞു ക്ഷീണിതനായി വീട്ടില്‍ തിരിച്ചെത്തി മുടി വെട്ടിയ ഉടന്‍ പ്രിയഗായകന്റെ രൂപം ഫോണില്‍ പകര്‍ത്തുക മാത്രമല്ല ഉടനടി സാമൂഹ്യമാധ്യമങ്ങളില്‍ പറത്തിവിടുകയും ചെയ്യുന്നു ടിയാന്‍. ഇഷ്ടഗായകന്റെ കഷ്ടരൂപം ജനത്തെ കാണിച്ചു ഞെട്ടിക്കുകയല്ലോ ഒരു യഥാര്‍ത്ഥ ആരാധകന്റെ ധര്‍മ്മം. വിളിച്ചയാള്‍ക്ക് തൃപ്തിയായോ എന്തോ. നിരവധി കോളുകള്‍ പിന്നാലെ വന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ജയേട്ടനെ പറ്റിത്തന്നെ.

ചിലരുടെ വാക്കുകളില്‍ വേദന. ചിലര്‍ക്ക് ആകാംക്ഷ. മറ്റു ചിലര്‍ക്ക് എന്തെങ്കിലും ‘നടന്നുകിട്ടാനുള്ള’ തിടുക്കം. ഭാഗ്യവശാല്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപരിക്കുന്ന പതിവില്ല ജയചന്ദ്രന്. വാട്‌സാപ്പില്‍ പോലുമില്ല ഭാവഗായക സാന്നിധ്യം. എന്തും ലാഘവത്തോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുറത്തു നടക്കുന്ന പുകില്‍ അറിഞ്ഞെങ്കില്‍ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാനാകും എനിക്ക്.