ആസിഫ് അലിയെ താന്‍ അപമാനിച്ചിട്ടില്ലെന്ന് സംഗീതസംവിധായകന്‍ രമേഷ് നാരായൺ. എംടി വാസുദേവന്റെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ആന്തോളജി ‘മനോരഥങ്ങള്‍’ ട്രെയ്ലര്‍ റിലീസിനിടെ നടന്ന പുരസ്‌കാര ചടങ്ങില്‍ നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാന്‍ രമേഷ് നാരായൺ വിസമ്മതിച്ചത് വിവാദമായിരിക്കുകയാണ്.
എന്നാല്‍ ആസിഫ് അലി തനിക്ക് ആണോ അതോ താന്‍ ആസിഫ് അലിക്ക് ആണോ മൊമന്റോ നല്‍കേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചത് എന്നാണ് രമേശ് നാരായൺ ദ ഫോര്‍ത്തിനോട് പ്രതികരിച്ചിരിക്കുന്നത്.
എംടിയുടെ മകള്‍ അശ്വതി ക്ഷണിച്ചിട്ടാണ് പരിപാടിക്ക് പോയത്. ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷം ആന്തോളജിയുമായി സഹകരിച്ച എല്ലാവരെയും വേദിയില്‍ വിളിച്ച് മൊമന്റോ നല്‍കിയെങ്കിലും തനിക്ക് തന്നില്ല. അതിന്റെ വിഷമം അശ്വതിയോട് പറഞ്ഞിട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ അശ്വതി ക്ഷമ പറഞ്ഞ് മൊമന്റോ തരാനുള്ള അവസരമുണ്ടാക്കി.
രമേഷ് നാരായണന്‍ എന്നല്ല സന്തോഷ് നാരായണന്‍ എന്നായിരുന്നു പേര് അനൗണ്‍സ് ചെയ്തത്. പിന്നാലെ ആസിഫ് വന്ന് മൊമന്റോ തന്നെ ഏല്‍പ്പിച്ചിട്ട് പോയി. ആസിഫ് തനിക്കാണോ, താന്‍ ആസിഫിനാണോ മൊമന്റോ നല്‍കേണ്ടത് എന്ന് പോലും വ്യക്തമായില്ല. മൊമന്റോ തന്നെ ഏല്‍പ്പിച്ച ആസിഫ് ആശംസ പോലും പറയാതെ പോയി.
അതുകൊണ്ടാണ് താന്‍ ജയരാജിനെ വിളിച്ചത്. ആസിഫിനെ ശ്രദ്ധിച്ചില്ലെന്നത് വാസ്തവമാണ്. എന്നാല്‍ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട് എന്നാണ് രമേഷ് നാരായൺ പറയുന്നത്.
അതേസമയം, ആസിഫ് അലിയില്‍ നിന്നും മൊമന്റോ സ്വീകരിക്കാതെ, അത് വാങ്ങി ജയരാജിനെ ഏല്‍പ്പിച്ച് രമേഷ് നാരായണന്‍ അദ്ദേഹത്തില്‍ നിന്നും അത് സ്വീകരിക്കുകയായിരുന്നു. മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍ നിന്ന് ഉണ്ടായതെന്നും രമേശ് നാരായൺ മാപ്പുപറയണമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.