കാളിദാസന്റെ പ്രണയകാവ്യവുമായി സാമന്തയുടെ 'ശാകുന്തളം'...

മഹാഭാരതത്തിലെ ശകുന്തള – ദുഷ്യന്തൻ പ്രണയകഥയായ കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ പാൻ ഇന്ത്യൻ ചിത്രമാണ് ‘ശാകുന്തളം’. തെന്നിന്ത്യൻ താരം സാമന്ത ആണ് ചിത്രത്തിൽ ശകുന്തളയായി എത്തുന്നത്. സൂഫിയും സുജാതയും എന്ന മലയാള ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ താരം ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. ഗുണശേഖർ ആണ് ശാകുന്തളം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. അനസൂയയായി അദിതി ബാലനും ദുർവാസാവ് മഹർഷിയായി മോഹൻ ബാബു എത്തുമെന്നുമാണ് റിപ്പോർട്ട്. പ്രകാശ് രാജ്, സച്ചിൻ ഖേദേക്കർ കബീർ ബേദി,മധുബാല,ഗൗതമി, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത എന്നിവരടങ്ങുന്ന ഒരു മികച്ച താരനിര തന്നെ ചിത്രത്തിൽ എത്തുന്നുണ്ട്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹയും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ശകുന്തളയുടെ വീക്ഷണകോണിൽ നിന്നും ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥ അവതരിപ്പിക്കുന്ന ചിത്രമാണിത് എന്നാണ് റിപ്പോർട്ട്. പുരാണേതിഹാസ ചിത്രത്തിന് വേണ്ടിയുള്ള ഓരോ സജീകരണങ്ങളും സിനിമയുടെ മറ്റ് വിവരങ്ങളും പ്രേക്ഷകർക്കൊപ്പം അണിയറപ്രവർത്തകർ പങ്കുവച്ചിരുന്നു. ശാകുന്തളം കണ്ട് സന്തോഷം പങ്കുവെച്ചുള്ള സാമന്തയുടെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരം സന്തോഷം പങ്കുവെച്ചത്. ’ഞാൻ ഇന്ന് സിനിമ കണ്ടു. എന്ത് മനോഹരമായ ഒരു സിനിമ. നമ്മുടെ മികച്ച ഇതിഹാസ കാവ്യങ്ങളിൽ ഒന്നിന് ജീവൻ നൽകി. കുടുംബ പ്രേക്ഷകർ ഇത് കാണുന്നതിനായി തനിക്ക് കാത്തിരിക്കാനാവുന്നില്ല. ശാകുന്തളം എക്കാലവും പ്രിയപ്പെട്ടതായിരിക്കും എന്നും സാമന്ത ട്വീറ്റ് ചെയ്തു. പുരാണങ്ങളിലെ പ്രണയകാവ്യമായ ‘അഭിജ്ഞാന ശാകുന്തളം’ തിയേറ്ററുകളിൽ എത്താനിരിക്കുന്നത് വലിയ ആവേശത്തോടെയാണ് സിനിമ പ്രേമികളും സാമന്ത ആരാധകരും നോക്കി കാണുന്നത്.

അടുത്തിടെ മയോസൈറ്റിസ് എന്ന അപൂർവം രോ​ഗം ബാധിച്ച സാമന്ത ശാകുന്തളം എന്ന സിനിമയുടെ പ്രൊമോഷൻ ചടങ്ങുകൾ ആരംഭിച്ചതോടെയാണ് വീണ്ടും പൊതുവേദികളിൽ സജീവമാകാൻ തുടങ്ങിയത്. പൂർണ ആരോഗ്യവതിയായി തിരികെയെത്തി സിനിമയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരം.   ശാകുന്തളത്തിനായി വലിയ തുകയാണ് നിർമ്മാതാക്കൾ ചെലവഴിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിംഗ് സെറ്റ് മുതൽ  വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും വരെ കോടിക്കണക്കിന് വില വരുമെന്നാണ് റിപ്പോർട്ട്.  കൂടാതെ ചിത്രത്തിലെ സമാന്തയുടേതായി വന്ന പോസ്റ്ററുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലടക്കം ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് സാമന്തയുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Read more

ഏകദേശം എട്ട് മാസങ്ങൾ കൊണ്ടാണ് 14 കോടിയിലധികം രൂപ വില വരുന്ന ആഭരണങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആഭരണങ്ങൾ സ്വർണ്ണവും വജ്രവും ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം സാമന്ത നേരത്തെ നിരസിച്ച സിനിമയായിരുന്നു ശാകുന്തളം. എന്തുകൊണ്ടാണ് താൻ ഓഫർ നിരസിച്ചതെന്നും താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ശകുന്തളത്തിൽ നിന്നും വളരെ വ്യത്യസ്‍തമായ ഒരു കഥാപാത്രത്തെ ആയിരുന്നു ആ സമയത്ത് ഫാമിലി മാൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് എന്നും ഇക്കാരണത്താൽ തനിക്ക് അപ്പോൾ അത് ചെയ്യാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നു എന്നുമാണ് താരം പറഞ്ഞത്. എന്തായാലും ഏറെ പ്രതീക്ഷയോടെയാണ് സാമന്ത ആരാധകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രം ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരിയിൽ ചിത്രം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. കാഴ്ചക്കാർക്ക് പുത്തൻ അനുഭവം ഉറപ്പാക്കാനായി സിനിമ 3ഡിയിലും റിലീസ് ചെയ്യും.