കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

കോളിവുഡില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് വിജയ് ചിത്രം ‘ഗില്ലി’. ഏപ്രില്‍ 20ന് റീ റിലീസ് ചെയ്ത ചിത്രം രണ്ടാഴ്ചയ്ക്കുള്ളില്‍ 30 കോടി രൂപ കളക്ഷന്‍ നേടി. 2004ല്‍ പുറത്തിറങ്ങിയപ്പോള്‍ 50 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. ഹോളിവുഡ്, ബോളിവുഡ് റീ റിലീസ് ചിത്രങ്ങളുടെ റെക്കോര്‍ഡ് തകര്‍ത്താണ് ഗില്ലിയുടെ മുന്നേറ്റം.

ജെയിംസ് കാമറൂണിന്റെ ‘അവതാര്‍’, ബോളിവുഡ് ചിത്രം ‘ഷോലെ’ എന്നീ സിനിമകളുടെ റീ റിലീസ് റെക്കോര്‍ഡ് ആണ് ഗില്ലി മറികടന്നിരിക്കുന്നത്. 2009ല്‍ റിലീസായ അവതാര്‍ 2022ല്‍ റീ റിലീസ് ചെയ്തപ്പോള്‍ 18 കോടി കളക്ഷന്‍ നേടിയത്. 1975ല്‍ പുറത്തിറങ്ങിയ ‘ഷോലെ’ 2013ല്‍ ത്രീഡിയില്‍ അവതരിപ്പിച്ചപ്പോള്‍ 13 കോടി കളക്ഷന്‍ നേടിയത്.

കോളിവുഡില്‍ ഇതുവരെ റിലീസ് ചെയ്ത ‘ക്യാപ്റ്റന്‍ മില്ലര്‍’, ‘അയലാന്‍’, ‘ലാല്‍ സലാം’ എന്നീ പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെ കളക്ഷനില്‍ ഗില്ലി നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വിജയ്‌യുടെ കരിയര്‍ ബ്രേക്ക് ചിത്രമാണ് ഗില്ലി. താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രം കൂടിയാണിത്.

ഗില്ലിക്ക് പിന്നാലെ വിജയ്‌യുടെ ‘ഖുശി’, ‘വില്ല്’ എന്നീ ചിത്രങ്ങളും റീ റിലീസ് ചെയ്യുന്നുണ്ട്. രജനികാന്തിന്റെ ‘ബാബ’, അജിത്തിന്റെ ‘ദീന’, ‘ബില്ല’, കമല്‍ ഹാസന്റെ ‘ആളവന്താന്‍’, ഗൗതം മേനോന്‍ ചിത്രം ‘വിണ്ണൈത്താണ്ടി വരുവായാ’, സൂര്യയുടെ ‘വാരണം ആയിരം’ തുടങ്ങിയ സിനിമകളും അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു.