തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെടണം; 'ഇന്ത്യന്‍ 2'വിനെതിരെ കടുത്ത ആരോപണവുമായി ഇ-സേവ ജീവനക്കാര്‍

ഓപ്പണിങ് ദിനത്തിലെ കുതിപ്പ് പിന്നീട് ‘ഇന്ത്യന്‍ 2’വിന് തിയേറ്ററില്‍ നേടാനായിട്ടില്ല. ആദ്യ ദിനത്തില്‍ തന്നെ നെഗറ്റീവ് പബ്ലിസിറ്റി നേടിയതോടെ സിനിമയ്ക്ക് ആളുകള്‍ കുറയുകയായിരുന്നു. ഇതിനിടെ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഇ-സേവ ജീവനക്കാര്‍. തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്.

ഇന്ത്യന്‍ 2വിലെ ഒരു രംഗത്തിനെതിരെയാണ് ഇ-സേവ ജീവനക്കാര്‍ വിമര്‍ശനവുമായി എത്തിയത്. തങ്ങളെ കൈക്കൂലിക്കാരായാണ് ഈ രംഗത്തില്‍ ചിത്രീകരിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇ-സേവ സ്റ്റാഫ് അസോസിയേഷന്‍ വ്യക്തമാക്കി.

തങ്ങള്‍ ഒരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരല്ല. അഴിമതിയുടെ ലോകത്ത് ഇതിനേക്കാള്‍ വലിയ കളികള്‍ തുറന്നുകാട്ടപ്പെടാതെ കിടക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഈ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ഇ-സേവ അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം, സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ചിത്രത്തിന്റെ 20 മിനുറ്റ് ദൈര്‍ഘ്യം വെട്ടിക്കുറച്ചിരുന്നു. ജൂലൈ 12ന് ആണ് ഇന്ത്യന്‍ 2 തിയേറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം വിമര്‍ശനങ്ങള്‍ എത്തിയെങ്കിലും 26 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം ദിനം 16 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.

അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ല്‍ ആണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിയുടെ ക്ലൈമാക്സ് രംഗം ആ സിനിമയ്ക്ക് ഒരു തുടര്‍ച്ചയുണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. 250 കോടി ബജറ്റില്‍ ആണ് ഇന്ത്യന്‍ 2 ഒരുക്കിയത്.

ശങ്കറിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ഉദയനിധി സ്റ്റാലിനും എ സുബാസ്‌ക്കരനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ഥ്, എസ്.ജെ സൂര്യ, മാര്‍ക്ക് ബെന്നിങ്ടണ്‍, വി ജയപ്രകാശ്, ബോബി സിംഹ, നെടുമുടി വേണു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്.

Read more