തിയേറ്ററുകളില്‍ ദുരന്തമായ 'കങ്കുവ', ബജറ്റിന്റെ പകുതി പോലും നേടാനായില്ല; ഇനി ഒ.ടി.ടിയിലേക്ക്, റിലീസ് തിയതി എത്തി

വന്‍ ഹൈപ്പില്‍ എത്തി നിരാശ സമ്മാനിച്ച ചിത്രമാണ് സൂര്യയുടെ ‘കങ്കുവ’. സൂര്യയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളും ചിത്രം എത്തിയതിന് പിന്നാലെ ഉയര്‍ന്നിരുന്നു. ഈ വര്‍ഷത്തെ തന്നെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നാണ് കങ്കുവ. 350 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് അതിന്റെ പകുതി പോലും തിയേറ്ററുകളില്‍ നിന്ന് നേടാനായിട്ടില്ല. 100 കോടിയോളം കളക്ഷന്‍ മാത്രമാണ് സിനിമയ്ക്ക് നേടാനായിട്ടുള്ളു.

നവംബര്‍ 14ന് തിയേറ്ററുകളിലെത്തിയ ചിത്രം ഉടന്‍ തന്നെ ഒ.ടി.ടിയിലും എത്തുകയാണ്. കങ്കുവയുടെ ഒ.ടി.ടി അവകാശങ്ങള്‍ ആമസോണ്‍ പ്രൈം പ്രീ റിലീസായി തന്നെ സ്വന്തമാക്കിയിരുന്നു. 100 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത്. ഡിസംബര്‍ 13ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സിനിമ റിലീസ് ചെയ്ത് എട്ട് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ഒ.ടി.ടി സ്ട്രീമിങ് എന്നായിരുന്നു ആദ്യത്തെ കരാര്‍.

എന്നാല്‍ തിയേറ്ററുകളിലെ മോശം പ്രകടനം കണക്കിലെടുത്ത് ചിത്രം ഡിസംബര്‍ 13ന് സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയുന്നത്. തെന്നിന്ത്യന്‍ ഭാഷാ പതിപ്പുകള്‍ മാത്രമാകും ഇപ്പോള്‍ റിലീസ് ചെയ്യുക. ഹിന്ദി പതിപ്പ് ജനുവരിയിലാകും റിലീസ് ചെയ്യുക എന്നും സൂചനകളുണ്ട്.

ചിത്രത്തില്‍ കങ്കുവ, ഫ്രാന്‍സിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിലാണ് സൂര്യ എത്തിയത്. ബോളിവുഡ് നടന്‍ ബോബി ഡിയോളാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇവര്‍ക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണന്‍, ദിഷ പഠാനി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.