'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസീം സെറ്റില്‍ വച്ച് കടന്ന് പിടിച്ചു എന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഫെഫ്ക പുറത്താക്കിയ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സീരിയലില്‍ തിരിച്ചെടുക്കുകയായിരുന്നു എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

അപൂര്‍വ്വരാഗം എന്ന സീരിയലിലാണ് അസീമിനെ തിരിച്ചെടുത്തത്. ഡിസംബര്‍ എട്ടിന് അസീം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ആവശ്യപ്പെട്ടു. പ്രൊഡ്യൂസര്‍ ഷംനാദ് പുതുശ്ശേരി, മനോജ് എന്നിവര്‍ക്ക് പെണ്‍കുട്ടികളെ നല്‍കണമെന്നായിരുന്നു ആവശ്യം. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകുന്ന കുട്ടികളെ വേണം.

നിരസിച്ചാല്‍ സീരിയലില്‍ നിന്നും പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. പെണ്‍കുട്ടികളെ നല്‍കാത്തതിനാല്‍ അപൂര്‍വ്വരാഗം സീരിയലില്‍ നിന്നും തന്നെ പുറത്താക്കി എന്നുമാണ് യുവതിയുടെ വെളിപ്പെടുത്തല്‍. സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്റര്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ തിരുവല്ലം പൊലീസ് ഇതുവരെ അസീമിന്റെ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസിന്റെ ശ്രമം.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അസീം സെറ്റില്‍ വച്ച് കടന്ന് പിടിച്ചെന്നാണ് പരാതി. രണ്ട് മാസം മുമ്പാണ് സംഭവമുണ്ടായത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു ആക്രമണമുണ്ടായത്.

രാത്രി 12 മണിയോടെ അസീം കടന്ന് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. അന്വേഷണം ആരംഭിച്ചെന്ന് തിരുവല്ലം പൊലീസ് അറിയിച്ചു. ആരോപണവിധേയനായ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് അസീമിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്.