നന്ദി, ഒപ്പം നിന്നതിനും വിശ്വസിച്ചതിനും; ക്ലീന്‍ചിറ്റ് ലഭിച്ച ശേഷം പ്രതികരിച്ച് നിവിന്‍പോളി

പീഡന പരാതിയില്‍ ക്ലീന്‍ ചിറ്റ് ലഭിച്ച ശേഷം സംഭവത്തില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. തനിക്കൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിലാണ് നന്ദി അറിയിച്ചുകൊണ്ട് നിവിന്‍ പോളി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കേസിലെ ആറാം പ്രതിയായിരുന്നു നിവിന്‍.

എന്നാല്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് നിവിന്‍ പോളിയുടെ പേര് ഒഴിവാക്കിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പ്രതികരിച്ച് താരം രംഗത്തെത്തിയത്. എന്നിലര്‍പ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയത്തില്‍ നിന്ന് നന്ദിയെന്നാണ് താരത്തിന്റെ കുറിപ്പ്.

കോതമംഗലം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇത് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കൃത്യം നടന്നു എന്ന് ആരോപിക്കുന്ന സമയത്ത് നിവിന്‍ പോളി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണത്തില്‍ ഇതോടെ കഴമ്പില്ലെന്നും ഇതില്‍ പറയുന്നു.

തനിക്കെതിരായ പരാതി വ്യാജമെന്ന് നിവിന്‍ മൊഴി നല്‍കിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണുണ്ടായിരുന്നത്. പാസ്പോര്‍ട്ട് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നുന്നും നിവിന്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. എറണാകുളം ഊന്നുകല്‍ പൊലീസാണ് നിവിന്‍ പോളിയും മറ്റ് ആറ് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.

Read more