ആലഞ്ചേരിക്കെതിരെ ആരും മിണ്ടരുത്, 'കര്‍ദിനാളിന്റെ മാരക പാപം' ലേഖനങ്ങള്‍ കപ്പൂച്ചിന്‍ സഭയുടെ ഔദ്യോഗിക മാസികയില്‍ നിന്ന് പിന്‍വലിച്ചു

കോടികളുടെ ഭൂമി ഇടപാട് അഴിമതി നടന്ന സീറോ മലബാര്‍ സഭയിലെ വിവാദങ്ങള്‍ കവര്‍ സ്റ്റോറിയാക്കിയ സഭാ പ്രസിദ്ധീകരണത്തിന് വിലക്ക്. ഭൂമി കച്ചവടത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന വാര്‍ത്തകള്‍ കപ്പൂച്ചിന്‍ സഭയുടെ ഔദ്യോഗിക മാഗസിനില്‍ നിന്നാണ് പിന്‍വലിച്ചത്. ദില്ലി പ്രൊവിന്‍സ് പുറത്തിറക്കുന്ന ഇന്ത്യന്‍ കറന്റ്‌സ് എന്ന വാരികയില്‍ നിന്നാണ് മുഖപ്രസംഗം അടക്കമുള്ള ലേഖനങ്ങള്‍ സമ്മര്‍ദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. ഇതിനെതിരെ മാഗസിന്റെ ചീഫ് എഡിറ്റര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രൊവിന്‍ഷ്യാളിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് മാസിക അച്ചടിക്കുന്നതു വേണ്ടെന്നു വെച്ചത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും സഭയുടെ ഭൂമി കുംഭകോണത്തെയും നിശിതമായി വിമര്‍ശിക്കുന്ന മാസിക പുറത്തുവരുന്നതു തടഞ്ഞതിനു പിന്നില്‍ കര്‍ദിനാളിന്റെ ഇടപെടലാണെന്നാണ് എറണാകുളം -അങ്കമാലി രൂപതയിലെ ഒരു വിഭാഗം വൈദികര്‍ ആരോപിക്കുന്നു. വീക്കിലി അച്ചടിക്കുന്നതു തടഞ്ഞെങ്കിലും തയാറാക്കിയ മാസികയിലെ ഉള്ളടക്കങ്ങളടങ്ങിയ പിഡിഎഫ് പുറത്തുവന്നിട്ടുണ്ട്.

കാര്‍ദിനാള്‍സ് സിന്‍( കര്‍ദിനാളിന്റെ മാരക പാപം) എന്നതാണ് മാസികയുടെ കവര്‍. എറണാകുളം-അങ്കമാലി രൂപതയിലെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് നാലു ലേഖനങ്ങളാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദൈവശാസ്ത്ര പണ്ഡിതനും മുതിര്‍ന്ന വൈദികനുമായ ഫാ. എ അടപ്പൂര്‍ എഴുതിയ “”ലാന്‍ഡ് ഡീല്‍സ് പുട്ട്സ് ദ് ചര്‍ച്ച് ഇന്‍ മെസ്”” എന്ന ലേഖനത്തില്‍ സഭാ നേതൃത്വത്തിന്റെ വീഴ്ചകള്‍ തുറന്നുകാട്ടുന്നതിനൊപ്പം ഭൂമി വിവാദം ഒരു തിരിഞ്ഞു നോട്ടത്തിനുള്ള അവസരമായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

മുന്‍പ് കത്തോലിക്കാ സഭ ബാലപീഢനത്തിന്റെ പേരിലായിരുന്നു പ്രതിസന്ധിയിലായിരുന്നതെങ്കില്‍ വരുംകാലങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരിക്കും പ്രതിസന്ധിയിലാകുന്നതെന്നും ഇന്ത്യന്‍ കറന്റസ് വീക്കിലിയിലെ ലേഖനത്തില്‍ പറയുന്നു. ലേഖനങ്ങളില്‍ ഭൂമി വിഷയം സഭയ്ക്കുള്ളിലുണ്ടാക്കാന്‍ പോകുന്ന ധാര്‍മിക പ്രശ്നങ്ങളെ ഏതു രീതിയിലായിരിക്കും കൈകാര്യം ചെയ്യുകയെന്നും വിവിധ സമിതികള്‍ ഉണ്ടായിട്ടും ഇതൊന്നും അറിയാതെ എങ്ങനെയാണ് ഇത്തരത്തില്‍ ഭൂമി വില്‍പ്പന നടത്തിയതെന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. ഇത്രത്തോളം പ്രശ്നം വഷളായിട്ടും എന്തുകൊണ്ടാണ് കര്‍ദിനാള്‍ നിശബ്ദത തുടരുന്നതെന്നും ലേഖനങ്ങളിലൂടെ വീക്കിലി ചോദ്യം ഉന്നയിക്കുന്നുണ്ട്.

അന്വേഷണ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ലേഖത്തിലുണ്ട്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സഭാ പ്രസിദ്ധീകരണം തന്നെ പുറത്തിറക്കുന്ന ഇംഗ്ലീഷ് മാസിക വത്തിക്കാനിലെത്തിയാല്‍ അത് കര്‍ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു ദോഷം ചെയ്യുമെന്നതു മുന്‍കൂട്ടി കണ്ടാണ് അച്ചടി മുടക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Read more

വിശുദ്ധ പുരുഷന്മാരുടെ അവിശുദ്ധ ഇടപാടുകള്‍ എന്ന തലക്കെട്ടില്‍ വാരികയുടെ എഡിറ്ററായ ഫാ. സുരേഷ് മാത്യുവിന്റേതായിരുന്നു പ്രധാന ലേഖനം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെയും ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ട വൈദികരുടെ വീഴ്ചകളെയും വിമര്‍ശിക്കുന്നതായിരുന്നു മറ്റ് അനുബന്ധ ലേഖനങ്ങള്‍. കത്തോലിക്കാ സഭയിലെ തര്‍ക്കങ്ങളും വിവാദങ്ങളും മുന്‍പും വാരിക മുഖ്യവിഷയമാക്കിയത്.
30 വര്‍ഷം മുമ്പാണ് ദേശീയതലത്തില്‍ ഇന്ത്യന്‍ കറന്റസ് എന്ന വാരിക അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതി ആരംഭിച്ചത്.