കെഎസ്എഫ്ഇ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് വന്‍ തട്ടിപ്പ് നടത്തിയതായി പരാതി. മലപ്പുറം വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ ശാഖ മാനേജര്‍ നല്കിയ പരാതിയില്‍ കെഎസ്എഫ്ഇ ജീവനക്കാരന് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലക്കാട് സ്വദേശികളായ അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷ്റഫ്, റഷീദ് അലി, മുഹമ്മദ് ഷരീഫ് എന്നിവരെ കൂടാതെ കെഎസ്എഫ്ഇ ജീവനക്കാരന് രാജനെതിരെയും പൊലീസ് കേസെടുത്തു. രാജന് കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിലെ സ്വര്‍ണ്ണം പരിശോധിക്കുന്ന അപ്രൈസര്‍ ആയിരുന്നു. ശാഖയിലെത്തുന്ന സ്വര്‍ണത്തില്‍ കൃത്രിമം കണ്ടെത്തേണ്ട രാജന്റെ സഹായത്തോടെയാണ് വന്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
Read more
ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് മാനേജരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തറിയുന്നത്. പത്ത് അക്കൗണ്ടുകളിലൂടെയാണ് സംഘം സ്വര്‍ണ്ണം പണയം വച്ചത്. ചില ചിട്ടിയ്ക്ക് ജാമ്യമായും മുക്കുപണ്ടമാണ് വച്ചത്. സംഭവത്തില്‍ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.