തിരഞ്ഞെടുപ്പിന് ശേഷം 10,12 ക്ലാസുകള്‍ തുടങ്ങിയേക്കും; താഴ്ന്ന ക്ലാസുകൾക്ക്  സ്കൂളിൽ പോയുള്ള പഠനം ഉണ്ടായേക്കില്ല, അന്തിമ തീരുമാനം കോവിഡ് വ്യാപനം വിലയിരുത്തി

തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം 10, 12 ക്ലാസുകൾ  ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. അന്തിമ തീരുമാനം കോവിഡ് വ്യാപന തോതിനെ ആശ്രയിച്ചായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാൽ മറ്റ് താഴ്ന്ന ക്ലാസുകൾക്ക് ഈ വർഷം സ്കൂളിൽ പോയുള്ള പഠനം ഉണ്ടാകാനിടയില്ല എന്നാണ് സൂചന.

താഴ്ന്ന ക്ലാസുകൾ ഈ അധ്യായന വർഷവും തുറക്കാനുള്ള സാദ്ധ്യത വിരളമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളയോടെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്നതാണ് വെല്ലുവിളിയാവുന്നത്.

നിലവിൽ എട്ടാം ക്ലാസ് വരെയാണ് എല്ലാവർക്കും ജയം. എല്ലാവരെയും ജയിപ്പിക്കുന്ന സംവിധാനം ഒമ്പതാം ക്ലാസ് വരെയാക്കാനാണ് ആലോചന. ഡിസംബർ 17 മുതൽ അധ്യാപകർ സ്കൂളിൽ ചെല്ലണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഓരോ ദിവസവും എത്ര ശതമാനം അധ്യാപകർ ചെല്ലണമെന്നത് സ്കൂൾതലത്തിൽ തീരുമാനിക്കാൻ സ്വാതന്ത്ര്യം നൽകും.

Read more

10, 12 ക്ളാസുകാർക്ക് പഠിപ്പിച്ച പാഠങ്ങളിൽനിന്നുള്ള സംശയം തീർക്കാനും പോരായ്മകൾ പരിഹരിച്ചുള്ള ആവർത്തന പഠനത്തിനും ഈ സമയം ഉപയോഗപ്പെടുത്താം. പ്രാക്ടിക്കൽ ക്ലാസുകൾക്കും അനുമതി നൽകും. നിലവിൽ സിലബസ് കുറയ്ക്കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാനം. ദേശീയ തലത്തിൽ സിലബസ് വെട്ടിക്കുറച്ചാൽ അതിനനുസരിച്ച് സംസ്ഥാനത്തും സിലബസിൽ മാറ്റം വരുത്തും.